ഇരിട്ടി:
കുട്ടിവയൽ പദ്ധതിയിലൂടെയും പാഷൻ ഫ്രൂട്ട് ഗ്രാമം പദ്ധതിയിലൂടെയും മാതൃകയായ തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ജനകീയ കൂട്ടായ്മയിൽ വഴിവിളക്കുകൾ സ്ഥാപിച്ച് വീണ്ടും ശ്രദ്ധനേടുന്നു. പൊതുനിരത്തുകളിലും ഇടവഴികളിലെ റോഡരികുകളിലും താമസിക്കുന്ന വീട്ടുകാർ സ്വന്തം വീട്ടിൽനിന്ന് വയറുകൾ വലിച്ച് വഴിവിളക്കുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. പൊതുജനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി വിജയം കണ്ടുതുടങ്ങി.
ഉദ്ഘാടനം നിർവഹിച്ച മച്ചൂർമല വാർഡിലെ നൂറോളം വീടുകളിൽനിന്ന് വഴിവിളക്കുകൾ തെളിഞ്ഞു. മറ്റ് വാർഡുകളിൽക്കൂടി വഴിവിളക്കുകൾ സ്ഥാപിച്ചു തുടങ്ങി. സ്ട്രീറ്റ് മെയിൻ ലൈനുകളുടെ അഭാവവും സ്ട്രീറ്റ് മെയിൻ ഒറ്റപദ്ധതിയായി നടപ്പാക്കുന്നതിനുള്ള പഞ്ചായത്ത് ഫണ്ടിൻറെ അപര്യാപ്തതയുമാണ് ആശയത്തിലേക്ക് നയിച്ചത്.