Sat. Apr 20th, 2024
കാസർകോട്​:

മുഖ്യമന്ത്രി ജില്ലയിലെത്തുമ്പോൾ തങ്ങളെയും കാണാനും കേൾക്കാനും തയാറാകണമെന്നാവശ്യപ്പെട്ട് ഡിസംബർ 25, 26 തീയതികളിൽ കാസർകോട്​ ഒപ്പുമരച്ചോട്ടിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ ദ്വിദിന സത്യഗ്രഹം നടത്തും. ആവശ്യമായ ചികിത്സ നൽകുക, എയിംസ് ജില്ലയിൽ അനുവദിക്കുക, സുപ്രീംകോടതി വിധി നടപ്പാക്കുക, സെൽ യോഗം ചേരുക തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രി അറിയാനായി നിരത്തുന്നത്. സുപ്രീംകോടതിയും ദേശീയ മനുഷ്യാവകാശ കമീഷനും, ആജീവനാന്ത ചികിത്സ ലഭിക്കാൻ സൗകര്യമൊരുക്കണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ന്യൂറോളജിസ്​റ്റി‍െൻറ സേവനം പോലും നൽകാനുള്ള സാഹചര്യമൊരുക്കുന്നതിൽ വീഴ്ച വരുത്തിയ മുഖ്യമന്ത്രി ജില്ലയിലെത്തുമ്പോൾ പാതിജന്മങ്ങളെ ഒരിക്കൽകൂടി കാണണമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു.

എൻഡോസൾഫാൻ സൃഷ്​ടിച്ച രോഗാതുരതയുടെ അടിവേരുകൾ കണ്ടെത്താൻ, ഗവേഷണവും പഠനവും നടത്താൻ ശേഷിയുള്ള എയിംസ് കാസർകോട്​ സ്ഥാപിച്ച് വരും തലമുറയെയെങ്കിലും രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്ന ജില്ലതല സെൽ യോഗം ചേരാനുള്ള തടസ്സം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 2017ലെ സുപ്രീംകോടതി വിടി നടപ്പാക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണമെന്നും തങ്ങളെ കേൾക്കാൻ തയാറാവണമെന്നും ജനകീയ മുന്നണി ആവശ്യപ്പെട്ടു.

മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. കെ ചന്ദ്രാവതി, കെ ശിവകുമാർ, സുബൈർ പടുപ്പ്, കെ വി മുകുന്ദ കുമാർ, ജയപ്രകാശ് കാടകം, വേണു അജാനൂർ, സിബി നർക്കിലക്കാട്, രാജൻ കയ്യൂർ, ലത, രാധ തുടങ്ങിയവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും ഗോവിന്ദൻ കയ്യൂർ നന്ദിയും പറഞ്ഞു.