ആലപ്പുഴ:
ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം ആരും കയ്യിൽ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഗവർണർ പറഞ്ഞു. 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നിരിക്കുകയാണ്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.
അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.