Thu. Apr 25th, 2024
മഡ്‌ഗാവ്:

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ ആറാം മത്സരം. നിലവിലെ ജേതാക്കളായ മുംബൈ സിറ്റി ആണ് എതിരാളികള്‍. ആറ് കളിയിൽ അഞ്ചും ജയിച്ച് 15 പോയിന്‍റുള്ള മുംബൈ ലീഗില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് കളിയിൽ ആറ് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്താണ്.

ഐഎസ്എല്ലില്‍ ഇന്നലെ എഫ്‌സി ഗോവയും ഹൈദരാബാദ് എഫ്‌സിയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും ഒരു ഗോൾ വീതം നേടി. 54-ാം മിനിറ്റില്‍ ജോയൽ ഹൈദരാബാദിനെ മുന്നിലെത്തിച്ചു. എട്ട് മിനിറ്റിന് ശേഷം എയിറാം ക്യാബ്രെസ തിരിച്ചടിച്ചു.

തുടര്‍ച്ചയായ രണ്ട് കളി ജയിച്ച് വന്ന ടീമുകള്‍ തമ്മിലായിരുന്നു പോരാട്ടം. ആറ് കളിയിൽ 11 പോയിന്‍റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തെത്തി. ഏഴ് പോയിന്‍റുള്ള ഗോവ ഏഴാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് സീസണിലെ മൂന്നാം ജയം. ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിന്‍ തോൽപ്പിച്ചത്. 23-ാം മിനിറ്റില്‍ ജെര്‍മന്‍പ്രീത് സിംഗിലൂടെ ചെന്നൈയിന്‍ മുന്നിലെത്തി. 63-ാം മിനിറ്റിൽ മിര്‍ലന്‍ മുര്‍സേവ് ലീഡുയര്‍ത്തി. ഇഞ്ച്വറിടൈമിൽ ജാവി ഫെര്‍ണാണ്ടസ് ആണ് ഒഡീഷയുടെ ആശ്വാസഗോള്‍ നേടിയത്.