Fri. Nov 22nd, 2024
ന്യൂഡൽഹി:

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി (ചീഫ് ഇലക്ഷൻ കമ്മീഷണർ) പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി കേന്ദ്രനിയമ മന്ത്രാലയം. നവംബർ പതിനാറിനു വിളിച്ചു ചേർത്ത യോഗത്തിലേക്ക് സി ഇ സിയെ ക്ഷണിച്ചിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് പങ്കെടുപ്പിച്ചതെന്നും മന്ത്രാലയം അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയേയും മറ്റു തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും പങ്കെടുപ്പിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയെന്ന ‘ദ ഇന്ത്യൻ എക്പ്രസി’ന്റെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു നിയമമന്ത്രാലയം.

നിയമമന്ത്രാലയം വിളിച്ചു ചേർത്ത യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി വിർച്വലായി അനൗദ്യോഗിക സംസാരം മാത്രമാണുണ്ടായത്. നിയമമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചകൾ നടത്താറുണ്ട്. സമാന ചർച്ചകൾ കാബിനറ്റ് സെക്രട്ടറിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും മുൻപും നടത്താറുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

തിരഞ്ഞെടുപ്പ് പുനസംഘനടയുമായി ബന്ധപ്പെട്ട അവസാനഘട്ട ചർച്ചകൾക്കായാണ് കമ്മീഷൻമാരുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ വാർത്ത പുറത്തുവന്നതിനെ തുടർന്ന വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.