Sat. Nov 23rd, 2024
ചത്തീസ്ഗഡ്:

ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ഗൊണ്ടേറാസ് വനത്തിന് സമീപം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു. തലയ്ക്ക് 6 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നക്സലുകലാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിന് ശേഷം നടത്തിയ തെരച്ചിലിൽ വനിതാ കേഡർമാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

ഇന്ന് പുലർച്ചെ 5:30 ഓടെയാണ് ഗൊണ്ടേറാസ് കാട്ടിൽ ഒളിച്ചിരുന്ന നക്‌സലൈറ്റുകളും ദന്തേവാഡ ഡി ആർ ജിയും തമ്മിൽ വെടിവയ്പ്പ് നടന്നത്. കൊല്ലപ്പെട്ട നക്‌സലുകളിൽ ഒരാളെ ദർഭ ഡിവിഷനിലെ മല്ലങ്കേർ ഏരിയ കമ്മിറ്റിയിലെ ഹിഡ്‌മെ കൊഹ്‌റമെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികമുള്ള പൊജ്ജെയാണ് മറ്റൊരാൾ. പ്രാദേശികമായി നിർമ്മിച്ച മൂന്ന് റൈഫിളുകൾ, വെടിയുണ്ടകൾ, വാർത്താവിനിമയ ഉപകരണങ്ങൾ, സ്‌ഫോടക വസ്തുക്കൾ, ക്യാമ്പിംഗ് സാമഗ്രികൾ തുടങ്ങിയവ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. രക്ഷപെട്ടവർക്കും പരുക്കേറ്റവരോ ആയ നക്സൽ കേഡർമാർക്കായി സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.