ന്യൂഡൽഹി:
പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരി പകുതി കണ്ട് കുറക്കാൻ കേന്ദ്രം ഒരുങ്ങുന്നു. സർക്കാർ ഓഹരി വിഹിതം 51ൽനിന്ന് 26 ശതമാനമായി കുറക്കുന്നതിനൊപ്പം, വിദേശ ഓഹരി നിക്ഷേപകരുടെ പങ്കാളിത്തം എല്ലാ ബാങ്കുകളിലും വർധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.
ഏറ്റവും പ്രമുഖമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം വിവിധ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരണത്തിൻ്റെ വഴിയിലേക്ക് നയിക്കാൻ പര്യാപ്തമാണ് ഈ നീക്കം. എന്നാൽ, ഓഹരി പങ്കാളിത്തം നാലിലൊന്നായി ചുരുങ്ങിയാലും മാനേജ്മെൻറ് നിയന്ത്രണം സർക്കാറിൽ നിക്ഷിപ്തമാക്കുന്ന വിധമുള്ള വ്യവസ്ഥ ഭേദഗതിയാണ് കൊണ്ടുവരുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
ബാങ്കുകളുടെ സാമ്പത്തിക ഭാരം കുറക്കാൻ മൂലധന നിക്ഷേപം കാലാകാലങ്ങളിൽ സർക്കാർ വർധിപ്പിക്കേണ്ട സ്ഥിതി ഇതോടെ മാറുമെന്നാണ് ഭരണപക്ഷ വിലയിരുത്തൽ. അതേസമയം, ബാങ്ക് ദേശസാത്കരണത്തിൻ്റെ തത്ത്വങ്ങൾ പാടേ പൊളിച്ചുകളയുന്നതാണ് പുതിയ നീക്കം. ഇതടക്കമുള്ള വിവിധ പരിഷ്കരണ നിർദേശങ്ങളിൽ വിശദ ചർച്ച നടക്കാനുണ്ട്.