Sun. Dec 22nd, 2024
ഉത്തർപ്രദേശ്:

പൊതുവേദിയിൽ വെച്ച് യുവ ഗുസ്തിതാരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി. ഉത്തര്‍പ്രദേശിലെ ഗോണ്ട മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗം ബ്രിജ് ഭൂഷണ്‍ ശരൺ സിങ് ആണ് മർദ്ദിച്ചത്. റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കൂടിയാണ് ബ്രിജ്ഭൂഷൺ.

15 വയസ്സില്‍ താഴെയുള്ളവർക്കുള്ള ദേശീയ ചാംപ്യൻഷിപ്പിനിടെയാണ് സംഭവം. 15 വയസ്സിൽ കൂടുതലുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവാവിനെ സംഘാടകർ മൽസരത്തിൽ നിന്ന് മാറ്റി നിർത്തി. ഇതിൽ പരാതി അറിയിക്കാനാണ് യുവാവ് വേദിയിൽ എത്തിയത്. എന്നാൽ മൽസരിക്കാൻ അനുവദിക്കണമെന്ന ആവശ്യം ബ്രിജ്ഭൂഷൺ തള്ളി.

യുവാവ് അഭ്യര്‍ത്ഥന തുടരുന്നപ്പോള്‍ രോഷാകുലനായ എംപി നിയന്ത്രണം വിട്ടുപെരുമാറി. എംപി യുവാവിനെ തള്ളുന്നും മുഖത്ത് അടിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എംപിയുടെ പ്രവർത്തിക്കെതിരെ വൻ രോഷമാണ് ഉയരുന്നത്. എന്തുതന്നെ കാരണമായാലും ഒരാളെ മർദ്ദിക്കുന്നത് ശരിയല്ലെന്നും ഒരു ജനപ്രതിനിധിക്ക് ചേർന്ന പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയരുന്ന പ്രതികരണങ്ങൾ.