Thu. Mar 28th, 2024
കൊച്ചി:

താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം നാളെ കൊച്ചിയിൽ ചേരും. പതിവിന് വിപരീതമായി വൈസ് പ്രസിഡന്‍റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് ഇത്തവണ മത്സരമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള നടൻ സിദ്ധിഖിന്‍റെ ഫേസ്ബുക്ക് കുറിപ്പ് സംബന്ധിച്ച് പ്രതിഷേധമറിയിക്കാനും ചില താരങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് താരസംഘടനയിലെ പതിവ്. എന്നാൽ ഇത്തവണ അങ്ങനെയല്ല. നിലവിലെ പ്രസിഡന്‍റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇ‍ടവേള ബാബുവും എതിരില്ലാതെ തിര‌ഞ്ഞെടുക്കപ്പെട്ടു.

ട്രഷറായി സിദ്ധിഖിനും ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യയ്ക്കും എതിരാളികളില്ല. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കും ഇക്കുറി മത്സരം നടക്കുന്നുണ്ട്.
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനൽ നിർദേശിച്ചത് ശ്വേതാ മേനോന്‍റെയും ആഷാശരത്തിന്‍റെയും പേരുകളാണ്.

എന്നാൽ മണിയൻ പിളള രാജു മത്സരിക്കാൻ തീരുമാനിച്ചതോടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പുണ്ടാകും. ഔദ്യോഗിക പാനലിന് പുറത്തുനിന്ന് താരങ്ങളായ ലാൽ , വിജയ് ബാബു, നാസർ ലത്തീഫ് തുടങ്ങിയവരും മത്സരരംഗത്തുള്ളത്.