Mon. Dec 23rd, 2024
പത്തനംതിട്ട:

പത്തനംതിട്ട നഗരത്തിൽ നിരോധിത പ്ലാസ്‌റ്റിക് ഇഷ്ടംപോലെ. വ്യാപാരസ്ഥാപനങ്ങളിൽ ഇവയുടെ വിൽപന തകൃതി. വാങ്ങി വലിച്ചെറിയുന്നതും സ്ഥിരം കാഴ്‌ച.

2020 ജനുവരിയിലാണ്‌ സംസ്ഥാന സർക്കാർ ഒറ്റത്തവണ ഉപയോഗം മാത്രമുള്ള പ്ലാസ്‌റ്റിക്‌ നിരോധിച്ചത്‌. ഇതോടെ വ്യാപാരസ്ഥാപനങ്ങളിൽ തുണി സഞ്ചികൾ വിൽക്കാൻ തുടങ്ങി. ക്രമേണ രഹസ്യമായി പ്ലാസ്‌റ്റിക്‌ സഞ്ചി വേണോയെന്ന ചോദ്യത്തിൽ തുടങ്ങി, ഇപ്പോൾ മറയില്ലാതെ ഇവ വിൽപന നടത്തുകയാണ്‌.

നിരോധനം നിൽവിൽ വന്നപ്പോൾ തുണി സഞ്ചികളുമായി കടകളിലെത്തി സാധനങ്ങൾ വാങ്ങിയിരുന്നവർ പ്ലാസ്‌റ്റിക്‌ സഞ്ചികൾ സുലഭമായതോടെ ഈ ശീലവും ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം പത്തനംതിട്ട നഗരസഭയിൽ അധികാരമേറ്റെടുത്ത പുതിയ ഭരണസമിതി നഗരത്തിന്റെ എക്കാലത്തെയും പ്രശ്‌നമായ മാലിന്യനിർമാർജനത്തിൽ സജീവ ഇടപെടൽ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി അവ നീക്കം ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്‌തു.

എന്നാൽ, നിലവിൽ നഗരസഭയ്‌ക്ക്‌ ചുറ്റും മാലിന്യമാണ്‌. പലയിടത്തും പ്ലാസ്‌റ്റിക്‌ കൂമ്പാരം കാണാം. നഗരത്തിൽ റിങ്‌ റോഡിന്റെ വശങ്ങളിലും ചെറിയ റോഡുകളിലുമെല്ലാം പ്ലാസ്‌റ്റിക്‌ അടക്കമുള്ള മാലിന്യം തള്ളുന്നുണ്ട്‌. ഇവയിൽ ഏറെയും കടകളിൽനിന്ന്‌ വിൽക്കുന്ന നിരോധിത പ്ലാസ്‌റ്റിക്‌ സഞ്ചികളാണ്‌.

നിയമപരമായി നിരോധിക്കപ്പെട്ട വസ്തുക്കൾ വിറ്റഴിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇതിന് പതിനായിരം രൂപമുതൽ അരലക്ഷം രൂപവരെ പിഴയോ തടവോ രണ്ടും ചേർത്തോ ലഭിക്കാം.