Tue. Apr 23rd, 2024
വയനാട്:

കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടരവേ ഇന്നും പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കുറുക്കന്‍മൂലയിലെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ കടുവ തമ്പടിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും വൻ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

രണ്ട് കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെ അല്‍പ്പസമയത്തിനകം തെരച്ചിൽ തുടരും. വനം വകുപ്പ് ഇന്നലെ പുറത്തുവിട്ട കടുവയുടെ ചിത്രത്തിൽ നിന്ന് കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി വ്യക്തമായിരുന്നു. മുറിവുകളുള്ള കടുവ കാട്ടിൽ ഇര തേടാൻ കഴിയാതെ ജനവാസ മേഖലയിൽ തമ്പടിച്ചതായാണ് നിഗമനം.

ഇതുവരെ 15 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വളർത്ത് മൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടം പരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. കടുവാപ്പേടി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് സംരക്ഷണം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

സ്കൂളിൽ പോകാൻ കുട്ടികൾക്ക് പൊലീസ് സംരക്ഷണം ഏ‌‌ർപ്പെടുത്തും. പാൽ പത്ര വിതരണ സമയത്തും പൊലീസും വനംവകുപ്പും സുരക്ഷയൊരുക്കും. കുറുക്കൻമൂലയിൽ വൈദ്യുതി ബന്ധം തടസപ്പെടുത്തരുതെന്ന് കെഎസ്ഇബിക്കും നി‌‌ർദേശം നൽകിയിട്ടുണ്ട്.

രാത്രി സമയത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ കാട് കയറിക്കടക്കുന്ന സ്ഥലങ്ങൾ വെട്ടിതെളിക്കാൻ റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. 14 ദിവസത്തിനിടെ 10 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.