തൃശൂർ:
‘ഹെയർ കട്ട്’ എന്ന് ഓമനപ്പേരുള്ള വായ്പ എഴുതിത്തള്ളലിലൂടെ 13 കോർപറേറ്റ് സ്ഥാപനങ്ങൾ രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്ക് വരുത്തിയ നഷ്ടം 2,84,980 കോടി രൂപ.
ചെറുകിട വായ്പക്കാരോട് ഒട്ടും കാരുണ്യം കാണിക്കാതെയും കുടിയിറക്കിയും പീഡിപ്പിക്കുമ്പോഴാണ് വൻകിടക്കാർക്കുവേണ്ടി ബാങ്കുകൾ നഷ്ടം ‘സഹിക്കുന്നത്’. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളിലും കോർപ്പറേറ്റ് സ്ഥാപനങ്ങൾ കുടിശ്ശിക വരുത്തിയിട്ടുണ്ട്. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയെന്ന കേന്ദ്ര സർക്കാർ തീരുമാനപ്രകാരമാണ് ബാങ്കുകൾ ലക്ഷക്കണക്കിന് കോടി രൂപയുടെ കോർപറേറ്റ് വായ്പകൾ നിരന്തരം എഴുതിത്തള്ളുന്നത്.
വൻ തുക ബാങ്ക് വായ്പയുള്ള കോർപറേറ്റ് സ്ഥാപനം നഷ്ടത്തിലായാൽ അതിനെ മറ്റൊരു കോർപറേറ്റ് സ്ഥാപനത്തിന് ഏറ്റെടുക്കാം. ഇങ്ങനെ ഏറ്റെടുക്കുമ്പോൾ ബാങ്ക് വായ്പ ക്രമീകരിച്ച് കൊടുക്കും. ‘ക്രമീകരിക്കൽ’ എന്നത് ഫലത്തിൽ ‘ഹെയർ കട്ട്’ എന്ന് പേരിട്ട എഴുതിത്തള്ളലാണ്.
ഏറ്റെടുക്കുന്ന സ്ഥാപനം ഏറ്റെടുക്കപ്പെടുന്ന സ്ഥാപനത്തിൻ്റെ വായ്പ ബാധ്യതയിൽ നിശ്ചിത ശതമാനം നൽകിയാൽ മതി. ബാക്കി എഴുതിത്തള്ളും. ഏറ്റെടുക്കുന്ന സ്ഥാപനത്തിനാകട്ടെ, വായ്പ തീർക്കാനുള്ള തുക ബാങ്കുകൾതന്നെ വായ്പ കൊടുക്കുകയും വേണം.
കോർപറേറ്റ് ഗ്രൂപ്പിൻ്റെ ഏതെങ്കിലും ഒരുസ്ഥാപനം നഷ്ടത്തിലായാൽ ഗ്രൂപ്പിലെ മറ്റ് സ്ഥാപനങ്ങളിൽനിന്ന് വായ്പ തിരിച്ചുപിടിക്കില്ലെന്ന ‘ഔദാര്യ’വുമുണ്ട്. ഫലത്തിൽ നഷ്ടത്തിലായ സ്ഥാപനം കൈയൊഴിഞ്ഞാലും മറ്റ് സ്ഥാപനങ്ങൾ ഗ്രൂപ്പിന് നിലനിർത്താം. ഏറ്റെടുക്കുന്ന സ്ഥാപനത്തിനാകട്ടെ വായ്പ തീർക്കാൻ ബാങ്ക് സഹായിക്കും. നഷ്ടം പൊതുമേഖല ബാങ്കുകൾക്ക്; അതായത് നിക്ഷേപകർക്ക്.