Sun. May 5th, 2024
വാഷിങ്​ടൺ:

വാക്​സിൻ സ്വീകരിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗൂഗ്​ൾ. കൊവിഡ്​ വാക്​സിനേഷൻ നിയമങ്ങൾ പാലിക്കാത്തവരെ പുറത്താക്കുന്നതടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും ഗൂഗ്​ൾ മുന്നറിയിപ്പ്​ നൽകുന്നു. ഗൂഗ്​ളിലെ ചില ആഭ്യന്തര രേഖകളെ അടിസ്ഥാനമാക്കിയാണ്​ ഇത്തരമൊരു റിപ്പോർട്ട്​ പുറത്ത്​ വന്നത്​.

ഡിസംബർ മൂന്നിനകം വാക്​സിൻ സ്വീകരിച്ചതിന്‍റെ രേഖ അപ്​ലോഡ്​ ചെയ്യണമെന്നാണ്​ ഗൂഗ്​ൾ ജീവനക്കാർക്ക്​ നൽകിയ നിർദേശം. മതപരമായ അല്ലെങ്കിൽ ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട്​ വാക്​സിൻ സ്വീകരിക്കാൻ സാധിച്ചില്ലെങ്കിൽ അതും വ്യക്​തമാക്കണം.

വാക്​സിൻ സ്വീകരിക്കാത്തവരേയും സ്റ്റാറ്റസ്​ അപ്​ഡേറ്റ്​ ചെയ്യാത്തവരേയും നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും ഗൂഗ്​ൾ അറിയിച്ചു. വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ ആദ്യഘട്ടത്തിൽ ശമ്പളത്തോടെ 30 ദിവസത്തെ അവധി നൽകും.

പിന്നീട്​ ആറ്​ മാസത്തെ ശമ്പളമില്ലാത്ത അവധിയും നൽകും. ഇതിന്​ ശേഷവും വാക്​സിൻ സ്വീകരിച്ചില്ലെങ്കിൽ പുറത്താക്കൽ നടപടി ഉൾപ്പടെ സ്വീകരിക്കുമെന്ന്​ ഗൂഗ്​ൾ വ്യക്​തമാക്കി.