കോഴിക്കോട്:
ഒഴുക്ക് പൂർണമായും നിലച്ച കനോലി കനാൽ വീണ്ടും കുപ്പത്തൊട്ടിയാകുന്നു. തിരിഞ്ഞുനോക്കാൻ ആളില്ലാതായതോടെ പഴയപോലെ പലഭാഗത്തും ആളുകൾ മാലിന്യം തള്ളുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്ന് ദുർഗന്ധം വമിക്കാനും തുടങ്ങി.
നേരത്തെ പൂർണമായും കുളവാഴയും ആഫ്രിക്കൻ പായലും നിറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഇതിന് ശമനമുണ്ട്. തുടർച്ചയായ ശുചീകരണം നടക്കാത്തതാണ് കനാൽ വീണ്ടും നാശത്തിൻറെ വക്കിലെത്താൻ കാരണമെന്നാണ് ആക്ഷേപം. കൊവിഡ് ലോക്ഡൗൺ കാലത്ത് തെളിനീരൊഴുകിയ കനാലാണ് കനോലി. പിന്നീടാണ് വീണ്ടും നാശത്തിൻറെ വക്കിലെത്തിയത്.
വിവിധ കോണുകളിൽനിന്ന് ആക്ഷേപമുയർന്നതോടെ കഴിഞ്ഞ ജൂണിൽ വീണ്ടും വൃത്തിയാക്കൽ ആരംഭിച്ചിരുന്നു. 15 ലക്ഷം രൂപ ചെലവഴിച്ച് മഴക്കാല ശുചീകരണത്തിൻറെ ഭാഗമായി ജലസേചന വകുപ്പിെൻറ നേതൃത്വത്തിലായിരുന്നു പ്രവൃത്തി. കാരപ്പറമ്പിനും എരഞ്ഞിപ്പാലത്തിനുമിടയിൽ കനാലിെൻറ കരയിലുള്ള കാടും മരങ്ങളും വെട്ടിവൃത്തിയാക്കുകയും കുളവാഴ നീക്കുകയും ചെയ്തിരുന്നു.
ജലപാതയൊരുക്കുന്നതിെൻറ ഭാഗമായി കല്ലായിപ്പുഴ മുതൽ കോരപ്പുഴ വരെയുള്ള കനാലിെൻറ 11.2 കിലോമീറ്ററിലെ ചളി 46 ലക്ഷം രൂപ ചെലവഴിച്ച് നേരത്തേയും നീക്കിയിരുന്നു. കനാലിൽ ഒന്നരമീറ്റർ വരെ ചളി നീക്കുകയാണ് ചെയ്തതെങ്കിലും പ്രവൃത്തി പൂർത്തിയായിരുന്നില്ല. ഈ ജലപാത പദ്ധതിയും ഇപ്പോൾ വിസ്മൃതിയിലാണ്.
ഏറ്റവും ആഴമുള്ള കുണ്ടുപ്പറമ്പ് മേഖലയിലെ മുടപ്പാട്ടുപാലം, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, സരോവരം ഭാഗത്തെല്ലാം കനാലിലിപ്പോൾ മാലിന്യമുണ്ട്. നേരത്തെ ജനകീയമായി ശുചീകരിച്ച കനാൽ സംരക്ഷിക്കാനും തുടർ സംരക്ഷണത്തിനുമായി വിവിധ സെക്ടറുകളായി തിരിച്ച് ഗ്രീൻ പാർട്ണർമാരെ നിയമിച്ചെങ്കിലും ഇതും കാര്യക്ഷമമായി മുന്നോട്ടുപോയില്ല.