ഔറംഗാബാദ്:
തിരഞ്ഞെടുപ്പിൽ തോറ്റതിന്‍റെ പേരിൽ ദലിത് യുവാക്കളെ മർദ്ദിച്ച തോറ്റ സ്ഥാനാർത്ഥി അറസ്റ്റിൽ. ബിഹാറിലെ ഔറംഗാബാദിലാണ് സംഭവം. ബൽവന്ത് സിങ്ങാണ് അറസ്റ്റിലായത്.
പഞ്ചായത്ത് തലവൻ തിരഞ്ഞെടുപ്പിലേക്ക് ബൽവന്ത് സിങ് മത്സരിച്ചിരുന്നു. എന്നാൽ തോറ്റുപോയി. താൻ തോൽക്കാൻ കാരണം ദലിത് വിഭാഗങ്ങളാണെന്ന ആരോപണവുമായി ഇയാൾ രംഗത്തെത്തുകയും രണ്ടു പേരെ ക്രൂരമായി മർദിക്കുകയുമായിരുന്നു.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തനിക്ക് വോട്ട് ചെയ്യാനായി ഇരുവർക്കും പണം നൽകിയെന്നും എന്നാൽ രണ്ടുപേരും തനിക്ക് വോട്ട് ചെയ്തില്ലെന്നും വിഡിയോയിൽ ബൽവന്ത് സിങ് പറയുന്നത് കേൾക്കാം. രണ്ടുപേരോടും അസഭ്യം പറഞ്ഞതിനുശേഷം ശിക്ഷയായി സിറ്റ്അപ് ചെയ്യിക്കുന്നതും വിഡിയോയിൽ കാണാം.
ഒരാളെ ക്രൂരമായി മർദിച്ചശേഷം നിലത്ത് തുപ്പിക്കുകയും അത് നക്കിയെടുപ്പിക്കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിഡിയോ വൈറലായതോടെ ഇരുവരും മദ്യപിച്ച് ശല്യമുണ്ടാക്കിയതിനെ തുടർന്നാണ് മർദിച്ചതെന്ന വിശദീകരണവുമായി ബൽവന്ത് സിങ് രംഗത്തെത്തിയിരുന്നു.
എന്നാൽ, ഇരുവർക്കും പണം നൽകിയത് സംബന്ധിച്ച് വിഡിയോയിൽ ആദ്യം പറയുന്നത് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തിയിരുന്നു. ജില്ല പൊലീസ് സൂപ്രണ്ട് കാന്തേഷ് കുമാർ മിശ്രയുടെ നിർദേശത്തെ തുടർന്ന് പൊലീസ് ബൽവന്തിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം അേന്വഷിച്ച് നടപടി സ്വീകരിക്കുമെന്ന് മിശ്ര അറിയിച്ചു.