Sat. Jan 18th, 2025
പത്തനംതിട്ട:

ഡിസംബർ നാല്, സുനിതയുടെ പ്രിയ സഖാവ് സന്ദീപിന്റെ ജന്മദിനം. പിറന്നാൾ സമ്മാനം നൽകാൻ നേരത്തേ തന്നെ സുനിത ഒരു കുപ്പായം വാങ്ങി വച്ചിരുന്നു. ചെങ്കൊടി കൈയ്യിലേന്തിയ പ്രിയതമന് ഏറെ ഇഷ്ടമുള്ളൊരു ചുവന്ന കുപ്പായം.

പക്ഷേ പിറന്നാൾ തലേന്ന് സമ്മാനം കരുതി വച്ച സുനിതയുടെ കൈകളിലേക്കെത്തിയത് സന്ദീപിന്റെ ചേതനയറ്റ ശരീരമാണ്. മുപ്പത്തിനാലാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ കൊല്ലപ്പെട്ടത്. ഭർത്താവിന് സമ്മാനിക്കാൻ വാങ്ങി വച്ചിരുന്ന വസ്ത്രം മൃതദേഹത്തിനൊപ്പം ചിതയിൽ വച്ച ഭാര്യ സുനിതയുടെ ചിത്രം എല്ലാവരെയും സങ്കടപ്പെടുത്തുന്നതായിരുന്നു.

പിറന്നാള്‍ കുപ്പായം ഇടാൻ കാത്തു നിൽക്കാതെ മടങ്ങിയ ഭർത്താവിന്റെ ഇടനെഞ്ചോട് ചോർത്ത് പുത്തനുടുപ്പും വെച്ചാണ് സുനിത യാത്രയാക്കിയത്. ആ ഭൗതിക ശരീരത്തിനൊപ്പം ചുവന്ന ഉടുപ്പും സുനിതയുടെ സ്വപ്നനങ്ങളും എരിഞ്ഞമർന്നു.

മരണത്തിനു തൊട്ടു മുൻപു വരെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലായിരുന്നു സന്ദീപ്. കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിനു ബന്ധുക്കൾക്കൊപ്പം പെരിങ്ങര പൊലീസ് സ്റ്റേഷനിലായിരുന്നു വൈകിട്ട് ആറുവരെ. തിരക്കുകൾ ഒതുക്കി സായാഹ്നങ്ങൾ ചെലവിടുന്ന ആഞ്ഞിലിപ്പറമ്പ് പാടത്തിനു നടുവിലെ കലുങ്കിൽ പതിവു പോലെ എത്തിയപ്പോഴാണ് കൊലയാളികള്‍ സന്ദീപിനെ തേടിയെത്തിയത്.