Mon. Dec 23rd, 2024
അരൂർ:

രാജ്യത്തിന്റെ ഫിഷറീസ്‌ ഗവേഷണ കപ്പലായ എം വി പ്രശിക്ഷണിയുടെ ഇന്ത്യക്കാരിയായ ആദ്യ വനിതാ ക്യാപ്റ്റനായി എരമല്ലൂരുകാരി ഹരിത (25). ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിങിന്റെ സ്‌കിപ്പർ ഓഫ്‌ ഫിഷിങ്‌ വെസൽ പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടിയാണ്‌ എഴുപുന്ന എരമല്ലൂരിൽനിന്നുള്ള കെ കെ ഹരിത സ്വപ്‌നതുല്യമായ നേട്ടത്തിലെത്തിയത്‌. പ്ലംബറായ അച്ഛൻ കുഞ്ഞപ്പന്റെയും അമ്മ സുധർമയുടെയും ഉറച്ച പിന്തുണയിലാണ്‌ ക്യാപ്‌ടൻ പദവി ഹരിതയെ തേടിയെത്തിയത്‌.

നേരത്തെ കപ്പലിലെ രണ്ടാം കമാൻഡായ മേറ്റ്‌ ഓഫ്‌ ഷിപ്പിങ്‌ വെസൽ പരീക്ഷയും ഹരിത പാസായിരുന്നു. ഒരു വർഷം ഓഫീസറായി “സീ സർവീസിൽ ” ജോലി ചെയ്‌തു. ഒട്ടനവധി അനുബന്ധ കോഴ്സുകളും പാസായ ശേഷമാണ് “സ്‌ക്കിപ്പർ’ പരീക്ഷ എഴുതിയതും വിജയിച്ചതും.

എഴുത്ത്, സിഗ്നൽ, ഓറൽ വിഭാഗങ്ങളിലായുള്ള പരീക്ഷയായിരുന്നു ഇത്‌. കൊച്ചി സിഫ് നെറ്റിൽ നിന്ന് ബിഎസ് സി നോട്ടിക്കൽ സയൻസ് പൂർത്തിയാക്കിയ ഹരിത ആറുമാസം” പ്രശിക്ഷണി” കപ്പലിൽ തന്നെ പരിശീലനം പൂർത്തിയാക്കിയിരുന്നു. ക്യാപ്റ്റൻ അരുണിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം.

എഴുപുന്ന സെന്റ്‌ റാഫേൽസ്‌ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കടുത്ത ജീവിത പ്രയാസങ്ങളുണ്ടായിരുന്നിട്ടും മാതാപിതാക്കൾ മകളുടെ വിദ്യാഭ്യാസത്തിന്‌ കൈയയച്ചു കൂടെ നിന്നു. കുഞ്ഞുന്നാളു മുതലേ യൂണിഫോം തൊഴിലിനോട് വലിയ ഇഷ്‌ടമായിരുന്നു. അത് ചരിത്രത്തിലിടം പിടിച്ചേക്കാവുന്ന നേട്ടമായി മാറുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ലെന്ന്‌ ഹരിത പറഞ്ഞു. ഓട്ടോഡ്രൈവറായ ഹരിയാണ് സഹോദരൻ.