Fri. Sep 13th, 2024
ഇടുക്കി:

ഇടുങ്ങിയ മുറി,വിണ്ടുകീറിയ ഭിത്തി,അടർന്നുവീഴാറായ മേല്‍ക്കൂര, ജീവന്‍ പണയം വെച്ചാണ് ഇടുക്കി നെടുങ്കണ്ടത്തെ ആശാരിക്കണ്ടം കോളനിവാസികള്‍ ഓരോ രാത്രിയും ഉറങ്ങുന്നത്. കോളനിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവുണ്ടായിട്ടും ഇതുവരെ ഒന്നും നടപ്പായിട്ടില്ല.

കനത്തൊരു മഴയോ കാറ്റോ മതി, തകർന്നുവീഴും ഈ കൂരകള്‍. മഴയില്‍ നനയാതിരിക്കാന്‍ ആസ്ബറ്റോസ് ഷീറ്റിട്ടും ടാർപോളിന്‍ വലിച്ച് കെട്ടിയുമൊക്കെയാണ് ഇവരുടെ ജീവിതം. കോളനിയിലെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മനഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടും ഒന്നും നടന്നില്ല. ആരും തിരിഞ്ഞുനോക്കിയില്ല.

വീടുകളുടെ ശോച്യാവസ്ഥ കാരണം ഏറെ പേർ ഇവിടം വിട്ടുപോയി. ഇപ്പോള്‍ താമസിക്കുന്നവർക്ക് ആവശ്യം അടച്ചുറപ്പുള്ള, ഭയമില്ലാതെ കിടന്നുറങ്ങാനാകുന്ന വീടുകളാണ്. പട്ടയ വിതരണത്തിലും അടിയന്തര നടപടിയുണ്ടാകണമെന്നും ആശാരിക്കണ്ടം കോളനിക്കാർ പറയുന്നു. 1996ല്‍ രാജീവ് ഗാന്ധി ദശലക്ഷ പാർപ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവർക്ക് ഈ വീടുകള്‍ ലഭിച്ചത്.