Sun. Dec 22nd, 2024
വെച്ചൂച്ചിറ:

പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഉല്പാദനം പുനരാരംഭിക്കാത്തതു മൂലം കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം. കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗത്തിന്റെ വീഴ്ചയാണ് പദ്ധതിയുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നത്. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ ഒഴുകിയെത്തിയ ചെളിയും മണലും പദ്ധതിക്കായി പമ്പാനദിയിൽ നിർമിച്ചിട്ടുള്ള തടയണയ്ക്കു മുകളിലും തടയണയോടു ചേർന്നും അടിഞ്ഞിരുന്നു.

ഇതിൽ സ്ലൂയിസ് വാൽവിനോടു ചേർന്ന് അടിഞ്ഞിരുന്ന കുറെ ചെളിയും മണലും ഡാം സുരക്ഷാ വിഭാഗത്തിന്റെ ചുമതലയിൽ നീക്കം ചെയ്തു. എന്നിട്ടും പൂർണതോതിൽ അവ നീക്കിയില്ല. തുടർന്നുണ്ടായ വെള്ളപ്പൊക്കങ്ങളിൽ വൻതോതിൽ ചെളിയും മണലും വീണ്ടും ഒഴുകിയെത്തി.

ഈ വർഷം ആരംഭത്തിൽ ഡാമിന്റെ ഷട്ടറുകൾക്കും സ്ലൂയിസ് വാൽവിനും ഭീഷണിയാകുന്ന വിധത്തിൽ ചെളിയും മണലും നിറഞ്ഞിരുന്നു. ഇതിനു ശേഷമാണ് അവ നീക്കാൻ ഡാം സുരക്ഷാ വിഭാഗം എസ്റ്റിമേറ്റ് തയാറാക്കിയതും അംഗീകാരം വാങ്ങിയതും. പിന്നാലെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കരാർ ചെയ്യാനായില്ല.

അടുത്തിടെയുണ്ടായ വെള്ളപ്പൊക്കങ്ങളിൽ മണലിന്റെയും ചെളിയുടെയും അളവ് വർദ്ധിച്ചു. തടയണയിൽ നിന്ന് പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന കനാലിൽ ചെളിയും മണലും അടിഞ്ഞിരിക്കുകയാണ്. വെള്ളം സംഭരിക്കുന്ന കിണറ്റിലും ചെളി നിറ‍ഞ്ഞു. ഇതിനു ശേഷം വൈദ്യുതി ഉല്പാദനം നടന്നിട്ടില്ല. സ്ലൂയിസ് വാൽവും ഷട്ടറുകളും തുറക്കാനാകുന്നില്ല.