Sat. Apr 20th, 2024
മ്യൂണിച്ച്:

രണ്ടാം ലോക മഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടി ജർമനിയിൽ നാലു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മ്യൂണിച്ചിലെ തിരക്കേറിയ ട്രയിൻ സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ശക്തിയിൽ ഒരു എസ്‌കവേറ്റർ മറിഞ്ഞു.

ടണലിനായി കുഴിച്ച വേളയിലാണ് സ്ഫോടനമുണ്ടായത്. 250 കിലോഗ്രാം ഭാരമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ ട്രയിൻ സർവീസുകൾ തടസ്സപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ട് എഴുപതു വർഷം കഴിഞ്ഞിട്ടും ജർമനിയിൽ അക്കാലത്തെ ബോംബുകൾ കണ്ടെത്തുന്നത് പതിവാണ്. ഓരോ വർഷവും രണ്ടായിരം ടൺ സജീവ ബോംബുകളെങ്കിലും കണ്ടെത്താറുണ്ടെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധകാലത്ത് 1.5 മില്യൺ ടൺ ബോംബുകളാണ് രാജ്യത്ത് ബ്രിട്ടീഷ്-അമേരിക്കൻ യുദ്ധവിമാനങ്ങൾ വർഷിച്ചിട്ടുള്ളത്. ആറു ലക്ഷം പേരാണ് സ്‌ഫോടനങ്ങളിൽ ജീവൻ നഷ്ടമായത്. 15 ശതമാനം ബോംബുകൾ പൊട്ടിയില്ലെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ ചിലവ ഇരുപതടി താഴ്ചയിൽ വരെയാണ് മറഞ്ഞു കിടക്കുന്നത്.