Fri. Dec 27th, 2024
ന്യൂഡൽഹി:

ഐപിഎല്ലിൽ താരങ്ങളെ നിലനിർത്തുന്നതിനുള്ള സമയം അവസാനിപ്പിച്ചപ്പോൾ, ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയതു നാലു താരങ്ങളെയാണ്. രവീന്ദ്ര ജഡേജ, എം എസ് ധോണി, ഋതുരാജ് ഗെയ്ക്‌വാദ്, മൊയീന്‍ അലി. ചെന്നെ ആദ്യം നിലനിർത്തുക ധോണിയെ ആയിരിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നിലനിർത്തൽ പട്ടികയിൽ ഒന്നാമതു വന്നത് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ പേരായിരുന്നു.

എം എസ് ധോണി രണ്ടാമത്. ധോണിയെക്കാൾ വില നൽകിയാണ് ജഡേജയെ ചെന്നൈ ടീമിൽ നിലനിർത്തിയത്. 16 കോടി രൂപയാണു ജഡേജയ്ക്കു വേണ്ടി ചെന്നൈ മുടക്കുക. ചെന്നൈ ക്യാപ്റ്റൻ ധോണിക്കു 12 കോടി ലഭിക്കും.

എന്നാൽ ജഡേജയെ ആദ്യ സ്ഥാനക്കാരനായി നിലനിർത്താനുള്ള തീരുമാനം ധോണിയുടേതായിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ചെന്നൈ സൂപ്പര്‍ കിങ്സ് താരമായിരുന്ന റോബിൻ ഉത്തപ്പയാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ജഡേജയുടെ വില എന്താണെന്നു ധോണിക്കു നന്നായി അറിയാമെന്നും ജഡേജ ഭാവിയിൽ ചെന്നൈയെ നയിച്ചേക്കുമെന്നും റോബിൻ ഉത്തപ്പ പ്രതികരിച്ചു.

എനിക്ക് ഉറപ്പാണ്, അത് എം എസ് ധോണി തന്നെ ചെയ്തതായിരിക്കാം. ജഡേജയ്ക്കു ടീമിലുള്ള വില ധോണിക്കു നന്നായി അറിയാം. എം എസ് ധോണി ക്രിക്കറ്റിൽനിന്നു വിരമിച്ചാൽ ജഡേജ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുമെന്നാണു ഞാൻ മനസ്സിലാക്കിയത്.

ജഡേജയ്ക്ക് അര്‍ഹതയുള്ളതു തന്നെയാണു അദ്ദേഹത്തിനു ലഭിക്കുന്നതെന്നും ഒരു സ്പോർട്സ് മാധ്യമത്തോട് ഉത്തപ്പ പറഞ്ഞു. ധോണിക്കു ശേഷം ജഡേജ ചെന്നൈ ക്യാപ്റ്റനാകുമെന്ന് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലും പ്രതികരിച്ചു. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ ജഡേജ അത്രയേറെ മികച്ചു നിൽക്കുന്നു.

ടെസ്റ്റിലും ഏകദിന ക്രിക്കറ്റിലുമെല്ലാം അദ്ദേഹം കഴിവു തെളിയിച്ചു. ജഡേജ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതു കാണാൻ എനിക്ക് ആഗ്രഹമുണ്ട്. ധോണി വിരമിക്കുമ്പോൾ ജഡേജ ക്യാപ്റ്റനാകുമെന്നാണു കരുതുന്നതെന്നും പാർഥിവ് പട്ടേൽ പ്രതികരിച്ചു.