കട്ടപ്പന:
പീരുമേട് മേഖലയിൽ ചില തേയില തോട്ടങ്ങൾ അടച്ചതോടെ തൊഴിലാളികൾക്ക് പണിയില്ലാതായി. പട്ടിണി മാറ്റാൻ തൊഴിലാളികൾ മറ്റു ജോലി തേടേണ്ടിവന്നു. ഇതോടെ ഒട്ടുമിക്ക ലയങ്ങളിലും താമസക്കാർ കുറഞ്ഞു.
തോട്ടം മേഖലയിൽ വ്യാജ വാറ്റും മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചു. കേസുകളുടെ എണ്ണംകൂടി. ലയങ്ങൾ തകർന്നതോടെ കുടുംബങ്ങളുടെ സുരക്ഷ നഷ്ടപ്പെട്ടെന്ന് തൊഴിലാളി സ്ത്രീകൾ പറയുന്നു.
രക്ഷിതാക്കൾക്ക് ജോലിയും കൂലിയും ഇല്ലാതായതോടെ മുതിർന്ന കുട്ടികൾ പലരും പഠനംനിർത്തി. വിവാഹപ്രായം കഴിഞ്ഞ പെൺകുട്ടികൾ, വിദഗ്ധ ചികിത്സ കിട്ടാതെ വിഷമിക്കുന്ന രോഗികൾ, പ്രാഥമിക വിദ്യാഭാസം കഴിഞ്ഞ് തുടർ പഠനം മുടങ്ങിയവർ തോട്ടം മേഖലയിലെ കുടുംബങ്ങളുടെ സ്ഥിതി ഇത്തരത്തിൽ ലയങ്ങളിലെ കാഴ്ച ദയനീയമാണ്. അടച്ചുറപ്പില്ലാത്ത വീട്ടിൽ പേടിയോടെയാണ് പെൺകുട്ടികൾ കഴിയുന്നത്.
പലതവണ ഇത്തരം പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെയും റവന്യൂ ഉദ്യോഗസ്ഥരെയും നേരിൽകണ്ട് ബോധ്യപ്പെടുത്തിയതായി യൂനിയൻ നേതാക്കൾ പറഞ്ഞു. നടപടി ഉണ്ടായില്ല. ഭർത്താക്കന്മാരും മാതാപിതാക്കളും മരിച്ച പല കുടുംബങ്ങളിലെയും യുവതികളും പെൺകുട്ടികളും ഭയപ്പാടോടെയാണ് ലയങ്ങളിൽ കഴിച്ചുകൂട്ടുന്നത്. ഭീഷണികളും ഉപദ്രവങ്ങളും ഭയന്ന് ചില തൊഴിലാളി കുടുംബങ്ങൾ തമിഴ് നാട്ടിലേക്ക് മടങ്ങി.