Wed. Jan 22nd, 2025
യു എസ്:

ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്‍റെ പുതിയ സി ഇ ഒ ആയി ചുമതലയേറ്റു. കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ ജാക്ക് ഡോര്‍സി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണിത്. ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് പരാഗ് അഗ്രവാള്‍.

ബോംബെ ഐഐടിയിലെ പഠനത്തിനു ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് പരാഗ് അഗ്രവാള്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. മൈക്രോസോഫ്റ്റിലും യാഹുവിലും റിസേര്‍ച്ച് ഇന്‍റേണ്‍ഷിപ്പ് ചെയ്തു. 2011 ഒക്ടോബറിലാണ് പരാഗ് ആഡ്സ് എഞ്ചിനീയറായി ട്വിറ്ററിന്‍റെ ഭാഗമായത്. 2017ല്‍ ചീഫ് ടെക്നോളജി ഓഫീസറായി.

ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായാണ് പരാഗ് അഗ്രവാളിനെ സിഇഒ ആയി തീരുമാനിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. ജാക്കിനും ടീമിനും നന്ദി അറിയിച്ച് പരാഗ് അഗ്രവാളും ട്വീറ്റ് ചെയ്തു. ട്വിറ്ററിന്‍റെ അനന്ത സാധ്യതകള്‍ നമുക്ക് ലോകത്തിന് കാണിച്ചുകൊടുക്കാമെന്നും പരാഗ് അഗ്രവാള്‍ ജീവനക്കാരോട് പറഞ്ഞു.

സുന്ദർ പിച്ചൈ, സത്യ നദെല്ല തുടങ്ങിയ ഇന്ത്യൻ വംശജരായ സിലിക്കൺ വാലി സിഇഒമാരുടെ നിരയിലേക്ക് പരാഗ് അഗ്രവാളും എത്തുകയാണ്.