Sun. Jan 19th, 2025
ഇരിട്ടി:

പുതിയ കൊവിഡ് വകഭേദം ആയ ഒമിക്രോൺ പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടകയുടെ ജാഗ്രതാ നിർദേശം വന്നതോടെ മാക്കൂട്ടം അതിർത്തിയിൽ പരിശോധന കൂടുതൽ കർശനമാക്കി ചെക്ക് പോസ്റ്റ് അധികൃതർ. കൂടുതൽ പൊലീസിനെയും മാക്കൂട്ടം ചെക് പോസ്റ്റിൽ കർണാടക വിന്യസിച്ചു. അതേസമയം, പ്രതിദിന യാത്രക്കാർക്കു 14 ദിവസത്തിൽ ഒരിക്കൽ എടുത്ത ആർടിപിസിആർ പരിശോധനാ ഫലം മതിയെന്നു കർണാടക പ്രഖ്യാപിച്ച ഇളവ് മാക്കൂട്ടത്തും നൽകാമെന്നു കലക്ടർ (മടിക്കേരി ഡപ്യൂട്ടി കമ്മിഷണർ) ഡോ ബി സി സതീഷ് ഉറപ്പു നൽകിയതായി മാക്കൂട്ടം കർമ സമിതി ചെയർമാനും വിരാജ്പേട്ട നഗരസഭ കൗൺസിലറുമായ സി കെ പൃത്വിനാഥ് അറിയിച്ചു.

ഇന്നലെ വിവിധ സംഘടനാ പ്രതിനിധികളുമായി കലക്ടർ നടത്തിയ ചർച്ചയ്ക്കിടെ, 28 ന് കർണാടക ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ അനിൽകുമാർ ഇറക്കിയ ഉത്തരവ് പ്രതിനിധികൾ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആയിരുന്നു ഈ പ്രതികരണം. ഈ ഉത്തരവിൽ വിദ്യാർത്ഥികൾ, വ്യാപാരികൾ ഉൾപ്പെടെ പ്രതിദിന യാത്രക്കാർക്കു 14 ദിവസത്തിൽ ഒരിക്കൽ എടുത്ത ആർടിപിസിആർ മതിയെന്ന നിർദേശം ഉണ്ട്. നിലവിൽ യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലും ചരക്കു വാഹന ജീവനക്കാർക്ക് 7 ദിവസത്തിനുള്ളിലും എടുത്ത ആർടിപിസിആർ പരിശോധനാ ഫലമാണു വേണ്ടത്.

അതിർത്തി നിയന്ത്രണം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നു ഡിവൈഎഫ്ഐയും പെരുമ്പാടിയിൽ നിന്നു കോൺഗ്രസ് കുടക് ജില്ലാ കമ്മിറ്റിയും മാക്കൂട്ടം ചെക്ക് പോസ്റ്റിലേക്കു കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. സ്വകാര്യ ബസ് ഗതാഗത നിരോധനം പിൻവലിക്കണമെന്ന ആവശ്യത്തിൽ ആർടിഒയുമായി ചർച്ച നടത്താമെന്നു കലക്ടർ വിവിധ സംഘടനകളെ അറിയിച്ചിട്ടുണ്ട്. വിരാജ്പേട്ട നഗരസഭ കൗൺസിലർമാരായ സി കെ പൃത്വിനാഥ്, മുഹമ്മദ് റാഫി, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് കൃഷ്ണമൂർത്തി, വഖഫ് ബോർഡ് പ്രസിഡന്റ് യാക്കൂബ്, ക്രിസ്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് ബേബി മാത്യു എന്നിവരാണ് കലക്ടറുമായി ചർച്ച നടത്തിയത്.