Tue. Sep 17th, 2024
അഗളി:

കാടും മേടും കടന്നു കാട്ടാറു താണ്ടി 7 കിലോമീറ്റർ കാൽനടയായെത്തി വാഹനത്തിൽ 35 കിലോമീറ്റർ യാത്രചെയ്യണം അട്ടപ്പാടി വനത്തിലെ തൊഡുക്കി, ഗലസി, കുറുമ്പ ഗോത്ര ഊരുകാർക്ക് ആശുപത്രിയിലെത്താൻ. കടുകുമണ്ണയും മുരുഗളയും പാലപ്പടയും കിണറ്റുക്കരയും ഊരുകളിലുള്ളവർക്ക് കാൽനടയുടെ ദൂരത്തിൽ കുറവുണ്ടെന്നല്ലാതെ ‍ ദുരിതത്തിന് മാറ്റമില്ല. രോഗി‌കളെ മുളങ്കമ്പിൽ തുണിമഞ്ചൽ കെട്ടി ചുമക്കണം. കുട്ടികളാണെങ്കിൽ മുതിർന്നവർ മാറിമാറി തോളിലേറ്റും.

താഴെ വാഹനമെത്താൻ ഫോണിൽ വിളിച്ചറിയിക്കണമെങ്കിൽ റേഞ്ച് ഉള്ളയിടം തേടി നടക്കണം. സർക്കാർ സൗജന്യമായി നൽകുന്ന റേഷനരി വീട്ടിലെത്തണമെങ്കിൽ തലച്ചുമട് തന്നെ ആശ്രയം. നിത്യോപയോഗ സാധനങ്ങളും അങ്കണവാടിയിലേക്കുള്ള പോഷകാഹാരവും ഊരിലുള്ളവർ തന്നെ ചുമന്നെത്തിക്കണം.

മുൻപു ശിശുമരണങ്ങളുണ്ടായപ്പോൾ മലമുകളിലെ ഊരുകളിലും കുട്ടികൾ മരിച്ചിരുന്നു. കഷ്ടപ്പെട്ടു മലകയറി അന്നു വന്ന നേതാക്കളും ഉദ്യോഗസ്ഥരും വാഹനമെത്തുന്ന റോഡ് വാഗ്ദാനം ചെയ്തിരുന്നു. പതിറ്റാണ്ടു പിന്നിടാറായിട്ടും റോഡ് വന്നില്ല.

കഴിഞ്ഞ ആഴ്ചയിലും വനത്തിലെ ഊരിൽ കുട്ടി മരിച്ചിരുന്നു. ദിവസങ്ങൾക്കു മുൻപ് ഗോത്രജനത ഒന്നാകെ കാടിറങ്ങി മുക്കാലിയിലെത്തി സമരം ചെയ്തു. വൈദ്യുതിയില്ല. മൊബൈൽ നെറ്റ്‌വർക്കില്ല. കാട്ടരുവിയിലെ വെള്ളമാണു കുടിക്കുന്നത്.

വന്യമൃഗങ്ങൾക്കുള്ള സ്വാതന്ത്ര്യം പോലുമില്ലാതെ സ്വപ്നങ്ങൾ ഉള്ളിലടക്കി കഴിയുകയാണിവർ.സമാന ദുരിതം തന്നെയാണ് ഈ മേഖലയിലേക്കെത്താൻ ആരോഗ്യ പ്രവർത്തകരും മറ്റു ജീവനക്കാരും അനുഭവിക്കുന്നത്. ചികിത്സാ ക്യാംപുകൾ നടത്താനും പ്രതിരോധ കുത്തിവയ്പുകളെടുക്കാനും മാസത്തിൽ ഒന്നിലേറെ തവണ ഈ ഊരുകളിലെത്തണം. ദുരിതം മാറാൻ സർക്കാർ തന്നെ കനിയണം.