Wed. Nov 6th, 2024

പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെൽസിയെ അവരുടെ ഹോം ഗ്രൗണ്ടിൽ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. തീ പാറുന്ന പോരാട്ടത്തില്‍ 1 – 1 എന്ന സ്‌കോറിനാണ് ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരായ ചെല്‍സിയെ യുണൈറ്റഡ് തളച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയാണ് താൽക്കാലിക മാനേജറായ കാരിക്ക് തന്റെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അണിനിരത്തിയത്.

തീർത്തും ഡിഫൻസിൽ ഊന്നി കൗണ്ടറിനായി കാത്തിരിക്കുക എന്നതായിരുന്നു യുണൈറ്റഡിന്‍റെ തന്ത്രം. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു അറ്റാക്ക് പോലും നടത്തിയില്ല. കളി പൂർണ്ണമായും ചെൽസിയുടെ നിയന്ത്രണത്തിൽ ആയിരുന്നു. ഡി ഹിയയുടെ രണ്ട് മികച്ച സേവുകളും യുണൈറ്റഡിനെ രക്ഷിച്ചു.

50ാം മിനുട്ടില്‍ ജോര്‍ജീഞ്ഞോയുടെ പിഴവില്‍ ജേഡന്‍ സാഞ്ചോ നേടിയ ഗോളില്‍ യുണൈറ്റഡ് മുന്നിലെത്തി. 63ആം മിനുട്ടിൽ യുണൈറ്റഡ് സാഞ്ചോയെ പിൻവലിച്ച് റൊണാൾഡോയെ കളത്തിൽ എത്തിച്ചു. റൊണാൾഡോ വന്ന് മിനുട്ടുകൾക്ക് അകം യുണൈറ്റഡ് സമനില വഴങ്ങി.

69ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ജോർജീഞ്ഞോ ലക്ഷ്യത്തിലെത്തിച്ചതോടെ ചെല്‍സി സമനില കണ്ടെത്തി. 68ആം മിനുട്ടിൽ വാൻ ബിസാക പെനാൾട്ടി ബോക്സിൽ തിയാഗോ സിൽവയെ വീഴ്ത്തിയതിനായിരുന്നു ​പെനാൽറ്റി അനുവദിച്ചത്. വിജയഗോള്‍ നേടുന്നതിനായി ചെല്‍സി തുടരെ തുടരെ യുണൈറ്റഡിന്റെ ഗോള്‍ മുഖം അക്രമിച്ചുകൊണ്ടിരുന്നെങ്കിലും പ്രതിരോധം ഭേദിക്കാൻ കഴിഞ്ഞില്ല.

സമനില വഴങ്ങിയെങ്കിലും 30 പോയിന്റുമായി ചെൽസിയെ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. 18 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് എട്ടാം സ്ഥാനത്താണ്.