Sun. Jan 19th, 2025
കൽപ്പറ്റ:

ചേകാടിയുടെ സൗന്ദര്യവും തനിമയും ജീവിതവും  സഞ്ചാരികൾക്ക്‌ അനുഭവഭേദ്യമാക്കാൻ ‘സ്‌ട്രീറ്റ്‌’ ടൂറിസവുമായി ടൂറിസം വകുപ്പ്‌. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്ത്‌ തിരഞ്ഞെടുക്കപ്പെട്ട പത്ത്‌ കേന്ദ്രങ്ങളിൽ ഒന്നാണ്‌ ‌ ചേകാടി. പരമ്പരാഗത ജീവിതരീതികളും വശ്യമനോഹരമായ കാഴ്‌ചകൾ  കാണാനും പഠിക്കാനും ഉതകുന്നതരത്തിലുള്ള ഉത്തരവാദിത്വ ടൂറിസമാണ്‌ സ്‌ട്രീറ്റിലൂടെ ടൂറിസം വകുപ്പ്‌ ലക്ഷ്യമിടുന്നത്‌.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ്‌  പദ്ധതി നടപ്പാക്കുന്നത്‌.  തദ്ദേശസ്ഥാപനങ്ങൾക്കും തദ്ദേശവാസികൾക്കും പങ്കാളികളാകാം.  കബനികൾ അതിരിടുന്ന ചേകാടി എക്കാലവും നെൽകൃഷിയെ ദൈവികമെന്നോണം  ചേർത്തുപിടിക്കുന്ന നാടാണ്‌.

തലമുറകളായി അവരത്‌ സംരക്ഷിക്കുന്നുണ്ട്‌. വിഷം തൊടാത്ത പച്ചക്കറിയും മറ്റുൽപ്പന്നങ്ങളും സഞ്ചാരികൾക്ക് ഇവിടെനിന്ന്‌ ലഭിക്കും. പദ്ധതി വരുന്നതോടെ പ്രദേശത്തിന്റെ  തനത് ഭക്ഷ്യവിഭവങ്ങളെയും പൈതൃകങ്ങളെയും ഗ്രാമത്തിലെത്തുന്നവർക്ക് പരിചയപ്പെടുത്തി വരുമാനവും നേടാം.

അതിഥികൾക്കായി  ഭൗമസൂചികയിൽ ഇടംതേടിയ ഗന്ധകശാല, കാട്ടുകിഴങ്ങുകൾ, പുഴമീൻ, കാട്ടുതേൻ തുടങ്ങിയവയെല്ലാം ഒരുക്കാം. ചേകാടിയിലെ ജൈവ പച്ചക്കറി ഏറെ പ്രസിദ്ധമാണ്‌.  ചേകാടിയുടെ ഗോത്ര പൈതൃകങ്ങളും കാർഷിക സംസ്കൃതിയുമെല്ലാം സഞ്ചാരികൾക്ക്‌ പുതു അനുഭവമാകും.

കർണാടകയിൽനിന്ന് കുടിയേറിയ ചെട്ടിസമുദായക്കാരാണ്‌ ഈ നാടിന്റെ നട്ടെല്ല്‌. ഗന്ധകശാലയും ജീരകശാലയുമടക്കം പുരാതനമായ നെൽവിത്തുകളുടെ ശേഖരംതന്നെ ഇവരിലുണ്ട്‌. കാടിന് നടുവിലെ ഇവിടുത്തെ  പാടശേഖരങ്ങൾ ഏത് പ്രതികൂല കാലാവസ്ഥയിലും തരിശിടാറില്ല. 

225 ഏക്കറോളം വയലും 40 ഏക്കറോളം തോട്ടവുമാണ് ഇവിടെയുള്ളത്. നെൽകൃഷിതന്നെയാണ്  മുഖ്യം. 150-ൽ താഴെ വരുന്ന കുടുംബങ്ങളാണ്‌ കർഷകരായി ഇവിടെയുള്ളത്‌. 93 ആദിവാസി കുടുംബങ്ങളുമുണ്ട്‌.

അടിയ വിഭാഗത്തിലുള്ളവരാണ് കൂടുതൽ. നാലുഭാഗവും കാടുള്ള ചേകാടിയെ ഓരം ചേർന്നാണ്‌  കബനി ഒഴുകുന്നത്. കബനിയുടെ സാധ്യതയും സഞ്ചാരികൾക്ക്‌ കുളിർമയുള്ള കാഴ്‌ചയാകും.