ഖർത്തൂം:
സുഡാൻ പൊലീസ് ഡയറക്ടർ ജനറലിനെയും ഡെപ്യൂട്ടി ഡയറക്ടറെയും സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദൂക് പുറത്താക്കി. സൈനിക അട്ടിമറിയിലൂടെ പുറത്തായ ശേഷം സൈന്യവുമായുണ്ടാക്കിയ കരാറിലൂടെ അധികാരത്തിൽ തിരിച്ചെത്തിയ ശേഷമാണ് ഹംദൂകിൻ്റെ നടപടി.
പൊലീസ് ഡയറക്ടർ ജനറൽ ഖാലിദ് മഹ്ദി ഇബ്രാഹിം അൽ ഇമാം, ഡെപ്യൂട്ടി ഡയറക്ടർ അലി ഇബ്രാഹിം എന്നിവരെയാണ് സ്ഥാനത്തു നിന്ന് നീക്കിയത്. ഇവർക്ക് പകരം യഥാക്രമം അനാൻ ഹമദ് മുഹമ്മദ് ഉമർ, മുദ്ദസിർ അബ്ദുറഹ്മാൻ നസ്റുദ്ദീൻ അബ്ദുല്ല എന്നിവരെ നിയമിച്ചു.
സൈനിക അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തിയ 40ലേറെ പേർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനു നേരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രകടനം നടത്തിയവർക്ക് നേരെ പൊലീസ് വെടിവെച്ചുവെന്ന ആരോപണം ഖാലിദ് മഹ്ദി ഇബ്രാഹിം അൽ ഇമാം നിഷേധിച്ചിരുന്നു.
അതേസമയം, സൈന്യവുമായി ഹംദൂക് ഉണ്ടാക്കിയ കരാർ വഞ്ചനയാണെന്ന് ഒരുകൂട്ടം ജനാധിപത്യ പ്രക്ഷോഭകർ ആരോപിച്ചു. സൈന്യത്തിന് അധികാരം പിടിക്കാനുള്ള രാഷ്ട്രീയ സംരക്ഷണം നൽകുന്നതാണ് നടപടിയെന്ന് അവർ ആരോപിക്കുന്നു.