കാസർകോട്:
ഉക്കിനടുക്കയിലെ കാസർകോട് ഗവ മെഡിക്കൽ കോളേജിന് തറക്കല്ലിട്ട് നവംബർ 30ന് എട്ടുവർഷം തികയുന്നു. ഒമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോഴും ആശുപത്രി ബ്ലോക്കിൻറെ നിർമാണംപോലും പൂർത്തീകരിച്ചിട്ടില്ല. അതിനാൽ, ജില്ലയിലെ സാധാരണക്കാർക്ക് മെഡിക്കൽ കോളജ് ആശുപത്രി സേവനം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
കാസർകോടിനൊപ്പം പ്രഖ്യാപിച്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലെ ഗവ മെഡിക്കൽ കോളേജുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് അവഗണനയുടെ ആഴം എത്രയെന്ന് തിരിച്ചറിയുക.ഈ നാല് എണ്ണത്തിൽ പത്തനംതിട്ടയിലെ കോന്നിയിലേതും കാസർകോട്ടേതുമാണ് പുതുതായി തറക്കല്ലിട്ട മെഡിക്കൽ കോളജുകൾ. മഞ്ചേരിയിലെ മലപ്പുറം ജില്ല ആശുപത്രിയും ചെറുതോണി പൈനാവിലെ ഇടുക്കി ജില്ല ആശുപത്രിയുമാണ് അതത് ജില്ലകളിലെ മെഡിക്കൽ കോളജുകളാക്കി ഉയർത്തിയത്. കാസർകോടിനൊപ്പം തുടങ്ങിയ മൂന്നിടത്തും ആശുപത്രി സേവനം സാധാരണക്കാർക്ക് ലഭിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.