Mon. Dec 23rd, 2024
പനാജി:

ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ് 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം നേടി. 40 ലക്ഷം രൂപയും സുവർണമയൂരവും ചിത്രത്തിന്റെ സംവിധായകൻ മസാകാസു കാനെകോയ്ക്ക് നൽകി. മികച്ച സംവിധായകനുള്ള രജതമയൂരം ചെക്ക്റിപബ്ലിക്കന്‍ ചിത്രമായ സേവിങ് വണ്‍ ഹു വാസ് ഡെഡ് സംവിധാനം ചെയ്ത വാക്ലേവ് കഡ്റാന്‍കയ്ക്ക്.

ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാര്‍ലെറ്റിലെ അഭിനയത്തിന് ഏഞ്ചല മോലിന മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

ഒമ്പത് ദിവസം നീണ്ട മേളയില്‍ 73 രാജ്യത്തില്‍നിന്ന് 148 ചിത്രമാണ് പ്രദര്‍ശനത്തിനെത്തിയത്. ഇറാനിയന്‍ സംവിധായിക രക്ഷന്‍ ബനിതേമാദ്, ബ്രിട്ടീഷ് നിര്‍മാതാവ് സ്റ്റീഫന്‍ വൂളെ, കൊളംബിയന്‍ സംവിധായകന്‍ സിറോ ഗരേര, ശ്രീലങ്കന്‍ സംവിധായകന്‍ വിമുഖി ജയസുന്ദര, സംവിധായകനും നിര്‍മാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

സമാപന ചടങ്ങിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, നടൻമാരായ മനോജ് ബാജ്‌പേയ്, രൺധീർ കപൂർ, നടി മാധുരി ദീക്ഷിത് എന്നിവർ പങ്കെടുത്തു.