Wed. Jan 22nd, 2025
കൊല്ലം:

റോസ്മലയിൽ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ മറവിൽ ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥർ ഭൂമി കച്ചവടത്തിന് ശ്രമം നടത്തുന്നെന്ന നാട്ടുകാരുടെ ആരോപണത്തിന് തെളിവായി രേഖകൾ. പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം റോസ് മലയിൽ നടന്ന മുപ്പതോളം ഭൂമി ഇടപാടുകളുടെ രേഖകളാണ് പുറത്തു വന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളിൽ ചിലരും ക്രമക്കേടിന് കൂട്ട് നിൽക്കുന്നെന്ന ആരോപണവും ശക്തമാണ്.

കൊല്ലം ജില്ലയുടെ കിഴക്കേ അറ്റത്തെ കുടിയേറ്റ ഗ്രാമമാണ് റോസ്‍മല. നാലര പതിറ്റാണ്ട് മുമ്പ് സർക്കാർ നൽകിയ പട്ടയങ്ങളുമായി ജീവിതം തുടങ്ങിയ  മനുഷ്യരാണിവിടെയുള്ളത്. നാല് പതിറ്റാണ്ടിനിപ്പുറം റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടുത്തെ ഗ്രാമവാസികളെ ഒഴിപ്പിക്കാനാണ് ഇപ്പോൾ സർക്കാരിന്റെ തീരുമാനം.

പ്രകൃതി ദുരന്തങ്ങൾക്കും വന്യജീവി ആക്രമണത്തിനും സാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള സർക്കാർ പദ്ധതിയുടെ മറവിൽ ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥർ വലിയ ക്രമക്കേട് ആസൂത്രണം ചെയ്യുകയാണെന്നാണ് ഗ്രാമവാസികളുടെ ആരോപണം. റോസ്മലയില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞുപോവാന്‍ തയ്യാറായ ഒരു കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപനം. ഈ പതിനഞ്ച് ലക്ഷം തട്ടിയെടുക്കാനാണ് അനധികൃതമായ ഒട്ടേറെ ശ്രമങ്ങള്‍ നടക്കുന്നത്. 

പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വന്നതിന് ശേഷം രജിസ്റ്റർ ചെയ്യപ്പെട്ട ആധാരങ്ങള്‍ നിരവധിയാണ്.  ഇന്നോളം ഈ നാട്ടിൽ ഇല്ലാതിരുന്ന പലരുടെയും പേരിൽ  പെട്ടെന്ന് റേഷൻ കാർഡുകൾ ഉണ്ടായതും മറ്റൊരു ദുരൂഹതയാണ്.