Sat. Nov 23rd, 2024
ജൊഹാനസ്ബർഗ്:

കൊവിഡ് വകഭേദം കണ്ടെത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു, ഞങ്ങൾ വിജയിച്ചു. ഇപ്പോൾ ഞങ്ങളെ വില്ലൻമാരാക്കുകയാണോ? – ചോദ്യം ദക്ഷിണാഫ്രിക്ക മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ആഞ്ജലീഖ് കുറ്റ്സിയുടേതാണ്. കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് 18 രാജ്യങ്ങൾ യാത്രാനിരോധനം ഏർപ്പെടുത്തിയതിനെതിരെയാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്.

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദവുമായല്ല, ബീറ്റ വകഭേദവുമായാണ് പുതിയ വൈറസിന് സാമ്യമുള്ളത്. അതിനാലാണ് യൂറോപ്യൻ രാജ്യങ്ങൾ ഇക്കാര്യം തിരിച്ചറിയാതെ പോയത്.

ഇംഗ്ലണ്ടിലും നെതർലൻഡ്സിലുമുള്ള വൈറസ് ബാധിതരുടെ എണ്ണക്കൂടുതൽ സൂചിപ്പിക്കുന്നത് അവിടെ നേരത്തേ തന്നെ വകഭേദം ഉണ്ടായി എന്നാണ്. യൂറോപ്യൻ രാജ്യങ്ങൾ വകഭേദം കണ്ടെത്താൻ പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരുടെ ജാഗ്രത അതു കണ്ടെത്തി– കുറ്റ്സി വ്യക്തമാക്കി.

പുതിയ വകഭേദം കടുത്തതല്ല. ഒന്നോ രണ്ടോ ദിവസം പേശിവേദനയും ക്ഷീണവും ചെറിയ ചുമയും അനുഭവപ്പെടും. മണവും രുചിയും നഷ്ടപ്പെടില്ല. വൈറസ് ബാധിതരെ വീടുകളിലാണ് ചികിത്സിക്കുന്നത്. ഇത്രയും ആശങ്ക പരത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.