Mon. Dec 23rd, 2024
പാലക്കാട്:

തൃശൂർ- എറണാകുളം ദേശീയ പാതയിൽ വൈകുന്നേരം നാല് മുതൽ എട്ട് വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. കുതിരാൻ തുരങ്കത്തിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതാണ് കാരണം. പാലക്കാട്‌ ഭാഗത്തേക്ക്‌ പോകുന്ന തുരങ്കത്തിലേക്കുള്ള റോഡ് നിർമാണമാണ് നിലവില്‍ പുരോഗമിക്കുന്നത്.

പാലക്കാട്‌ നിന്ന് തൃശൂർ ഭാഗത്തേക്ക്‌ പോകുന്ന തുരങ്ക പാത വഴി ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടത്തിവിട്ടതോടെ ഗതാഗതകുരുക്ക് രൂക്ഷമായിരിക്കുകയാണ്. വൈകുന്നേര സമയങ്ങളിൽ ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾ എത്തിയതാണ് പ്രധാന കാരണം. ഇത് പരിഹരിക്കാൻ എറണാകുളം, പാലക്കാട്‌ ജില്ല കലക്ടർമാരുമായി ആശയ വിനിമയം നടത്താൻ തൃശൂർ ജില്ല കലക്ടറോട് നിർദേശിച്ചുവെന്ന് റവന്യൂ മന്ത്രിയും സ്ഥലം എം എൽ എയുമായ കെ രാജൻ പറഞ്ഞു.

ഗതാഗത നിയന്ത്രണം അടുത്ത മൂന്നു മാസമെങ്കിലും തുടരും. അടുത്ത മാർച്ച് മാസത്തോടെ ദേശീയ പാത പൂർണ ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.