Mon. Dec 23rd, 2024

കോഴിക്കോട് നടക്കുന്ന ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ മധ്യപ്രദേശിന് ജയം. ഗ്രൂപ്പ് ജിയിൽ ഉത്തരാഖണ്ഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് മധ്യപ്രദേശ് വിജയികളായത്. മറ്റൊരു മത്സരത്തിൽ ഒഡിഷ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്ക് ആന്ധ്രപ്രദേശിനെ പരാജയപ്പെടുത്തി.

കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നടന്നത്. കോഴിക്കോടിന് പുറമെ കണ്ണൂരും മലപ്പുറവും ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ട്. എട്ട് ഗ്രൂപ്പുകളായാണ് മത്സരം. കേരളത്തിന്റെ എല്ലാ മത്സരങ്ങളും കോഴിക്കോടാണ് നടക്കുക.

ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, മിസോറാം എന്നീ ടീമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ജി യിലുള്ളത്. ഉത്തരാഖണ്ഡിനെയാണ് രണ്ടാമത്തെ മത്സരത്തിൽ കേരളം നേരിടുക. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം, ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയം, കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് മത്സരം.

ആദ്യമായാണ് കേരളം ദേശീയ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. ഗ്രൂപ്പ് ചാമ്പ്യൻമാർ നോക്കൌട്ട് റൗണ്ടിലേക്ക് കടക്കും. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളും കോഴിക്കോടാണ്. ഇത്തവണ കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളം. ടി നിഖിലയാണ് കേരളത്തെ നയിക്കുക.