തിരുവനന്തപുരം:
സർക്കാർ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീമാരിൽ നിന്നും പുരോഹിതരിൽ നിന്നും നികുതി പിരിക്കരുതെന്ന് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. നികുതി പിരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് പുതിയ ഉത്തരവ്. 2014 ലെ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെയാണ് ക്രൈസ്തവ സഭാംഗങ്ങൾ കോടതിയെ സമീപിച്ചത്.
‘സിസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും’ എന്ന ബൈബിൾ വചനം ഉദ്ധരിച്ച് കൊണ്ടാണ് സർക്കാർ ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകളും വൈദികരും നികുതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. 1944 മുതൽ ഇവരിൽ നിന്ന് നികുതി ഈടാക്കുന്നില്ലായിരുന്നു.
2014 ലാണ് ഇവരിൽ നിന്നും നികുതി ഈടാക്കണമെന്ന് ആദായനികുതി വകുപ്പ് ട്രഷറി വകുപ്പിനോട് നിർദ്ദേശിച്ചത്. ഈ സർക്കുലർ ചോദ്യം ചെയതാണ് 49 പേർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നികുതി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
ഇതിനെതിരെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്. മൗലീകവകാശത്തിൻമേലുള്ള കടന്ന് കയറ്റമാണ് കേന്ദ്രനീക്കമെന്നാരോപിച്ചാണ് ഇവർ കോടതിയിൽ ഹർജി നൽകിയത്.
ഹൈക്കോടതി വിധി കഴിഞ്ഞ 12 ന് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ സാഹചര്യത്തിലാണ് സർക്കാർ ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകളിൽ നിന്നും പുരോഹിതരിൽ നിന്നും നികുതി പിരിക്കേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടർ ഉത്തരവിട്ടത്. തൽക്കാലത്തേക്കാണ് ഉത്തരവെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള തീരുമാനമെന്നും ട്രഷറി ഡയറക്ടർ പറഞ്ഞു.