പുനലൂർ:
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് അടക്കം ലഹരി കടത്തുന്നവർക്ക് ആര്യങ്കാവ് എന്നും അനുകൂലപാത. മുമ്പ് സ്പിരിറ്റ് കടത്തിന് മദ്യലോബി പ്രധാനമായും ഉപയോഗിച്ചിരുന്നതും ഇതുവഴിയായിരുന്നു. സംസ്ഥാന അതിർത്തിയായ ആര്യങ്കാവിലും കോട്ടവാസലിലെയും പരിശോധനകളിലെ പഴുതുകളും ഇവിടത്തെ ഭൂപ്രകൃതിയും ഉന്നത പിന്തുണയും ലഹരികടത്തുകാർക്ക് എന്നും സഹായകമാണ്.
തമിഴ്നാട്ടിൽ നിന്ന് വരുമ്പോൾ അതിർത്തിയായ എസ് വളവ് കഴിഞ്ഞാൽ പിന്നീട് അഞ്ചുകിലോമീറ്ററോളം ദൂരം ആര്യങ്കാവ് വനത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. ഇതിനിടെ കോട്ടവാസലിൽ വനം ചെക്പോസ്റ്റും ആര്യങ്കാവിൽ എക്സൈസ്, മോട്ടോർ വെഹിക്കിൾ ചെക്പോസ്റ്റുകളും ഉണ്ട്. മുമ്പ് ആര്യങ്കാവിൽ വാണിജ്യനികുതി ചെക്പോസ്റ്റുണ്ടായിരുന്നത് ജി എസ് ടി വന്നതോടെ നിർത്തലാക്കി.
ഈ ചെക്പോസ്റ്റുണ്ടായിരുന്നപ്പോൾ ചരക്ക് വാഹനങ്ങൾ പൂർണമായി പരിശോധിക്കുന്നതിനാൽ ഒരളവുവരെ ലഹരികടത്ത് പിടികൂടാൻ കഴിയുമായിരുന്നു. ഇതില്ലാതായതോടെ സംശയമുള്ള വാഹനങ്ങൾ എക്സൈസ് ചെക്പോസ്റ്റിൽ പരിശോധിക്കാറുണ്ട്. അടുത്തകാലത്തായി കാര്യമായി കഞ്ചാവോ സ്പിരിറ്റ് അടക്കം ലഹരിവസ്തുക്കൾ കാര്യമായി ഇവിടെ പിടിക്കാറില്ല.
വല്ലപ്പോഴും നിരോധിത പുകയില ഉൽപന്നങ്ങൾ പിടിക്കുന്നതാണ് ഇവിടത്തെ പ്രധാന പ്രവർത്തനം. കോട്ടവാസൽ കൂടാതെ ചെങ്കോട്ടയിൽ നിന്ന് തിരിഞ്ഞ് മേക്കര അച്ചൻകോവിൽ വഴിയും മാർഗമുണ്ട്. ഇതും മേക്കര കഴിഞ്ഞാൽ അലിമുക്ക് വരേയും മറ്റൊരു വഴിയിൽ കോന്നി കല്ലേലിവരെയും അമ്പത് കിലോമീറ്ററോളം ദൂരവും വനത്തിലൂടെയുള്ള റോഡാണ്.
ചെങ്കോട്ട-അച്ചൻകോവിൽ വഴിയിൽ മേക്കര കോട്ടവാസലിൽ വനത്തിൻറെയും അച്ചൻകോവിലിൽ എക്സൈസിെൻറ ചെക്പോസ്റ്റുകൾ ഉണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. എക്സൈസ് ചെക്പോസ്റ്റുകളിൽ ലഹരി കടത്തുകാർ അവലംബിക്കുന്ന നൂതന രീതിയിലുള്ള കള്ളക്കടത്തുകൾ കണ്ടെത്താൻ മതിയായ പരിശോധനാ സൗകര്യങ്ങൾ ഇല്ലത്രെ. ഋഷിരാജ് സിങ് എക്സൈസ് മേധാവിയായിരുന്നപ്പോൾ ആര്യങ്കാവിൽ പലതവണ സന്ദർശിക്കുകയും ഇവിടത്തെ പരിശോധനാ സംവിധാനം പരിഷ്കരിക്കാൻ പല നിർദേശങ്ങളും സർക്കാറിന് നൽകിയിരുന്നു. സ്കാനർ, കാമറ നിരീക്ഷണം അടക്കം സൗകര്യങ്ങൾ നിർദേശിച്ചെങ്കിലും ഇതുവെരയും നടപ്പായില്ല.