വിജയ് ഹസാരെ ട്രോഫിയിൽ കർണാടക ടീമിനെ ഇന്ത്യൻ താരം മനീഷ് പാണ്ഡെ നയിക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനോട് പരാജയപ്പെട്ട ടീമിനെ നയിച്ചതും മനീഷ് ആയിരുന്നു. രവികുമാർ സമർത്ഥാണ് വൈസ് ക്യാപ്റ്റൻ.
സൂപ്പർ താരങ്ങളായ കരുൺ നായർ, ശ്രേയസ് ഗോപാൽ തുടങ്ങിയവരും 20 അംഗ ടീമിൽ ഇടം പിടിച്ചു. എന്നാൽ, നിലവിൽ ദക്ഷിണാഫ്രിക്കൻ എ പര്യടനത്തിലുള്ള ദേവ്ദത്ത് പടിക്കൽ ടീമിൽ ഉൾപ്പെട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ കർണാടകയുടെ ഉയർന്ന റൺവേട്ടക്കാരനായിരുന്നു ദേവ്ദത്ത്.
737 റൺസ് നേടിയ ദേവ്ദത്ത് ടൂർണമെൻ്റിലെ റൺവേട്ടക്കാരിൽ രണ്ടാമതായിരുന്നു. ദേവ്ദത്തിൻ്റെ അഭാവം കർണാടകയ്ക്ക് വലിയ തിരിച്ചടിയാണ്. എലൈറ്റ് ബി ഗ്രൂപ്പിലാണ് കർണാടക കളിക്കുക. തമിഴ്നാട്, മുംബൈ, ബറോഡ, ബെംഗാൾ, പുതുച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ഡിസംബർ എട്ടിന് പുതുച്ചേരിക്കെതിരെയാണ് ടൂർണമെന്റിൽ കർണാടകയുടെ ആദ്യ മത്സരം. മുൻപ് നാലു തവണ കിരീടം നേടിയിട്ടുള്ള കർണാടക ഇത് അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്.
മുംബൈ ടീമിനെ ഓൾറൗണ്ടർ ഷംസ് മുളാനിയാണ് നയിക്കുക. യശസ്വി ജയ്സ്വാൾ, ശിവം ദുബെ, സിദ്ധേഷ് ലഡ്, അഥർവ അങ്കൊലേക്കർ, ധവാൽ കുൽക്കർണി തുടങ്ങിയവരൊക്കെ ടീമിലുണ്ട്. മുൻ ക്യാപ്റ്റൻ ആദിത്യ താരെയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് മുംബൈ ക്രിക്കറ്റ് അറിയിച്ചു.
തമിഴ്നാട് ടീമിൽ പരുക്കേറ്റതിനെ തുടർന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമിൽ ഇടം നേടാതിരുന്ന ദിനേഷ് കാർത്തികും വാഷിംഗ്ടൺ സുന്ദറും ടീമിൽ തിരികെയെത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ടീമിനെ നയിച്ച വിജയ് ശങ്കർ തന്നെയാണ് വിജയ് ഹസാരെയിലും ക്യാപ്റ്റൻ. നാരായൺ ജഗദീശൻ ഉപനായകനാവും. നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ബാബ അപരാജിത് ടൂർണമെന്റിന്റെ പാതിയിൽ ടീമിനൊപ്പം ചേരും. എലൈറ്റ് ഗ്രൂപ്പ് ബി മത്സരങ്ങൾ തിരുവനന്തപുരത്താണ് നടക്കുക.