Sun. Dec 22nd, 2024
തിരുവനന്തപുരം:

കേരള ബാങ്ക് രൂപീകരണത്തിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ശാഖകൾ, ഏരിയാ മാനേജർമാർ, സി പി സി, ആർ ഒ, എച്ച്ഒ യിലെ മുഴുവൻ ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കുക എന്ന ലക്ഷ്യത്തോടെ ‘ബി ദ നമ്പർ വൺ’ കാമ്പയിൻ ആരംഭിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശാഖ, സി പി സി, ആർ ഒ എന്നിവക്ക്​ സംസ്ഥാനതലത്തിൽ ‘ബി ദ നമ്പർ വൺ’ മിനിസ്റ്റേഴ്‌സ് ട്രോഫി നൽകും. സംസ്ഥാനതലത്തിൽ മികച്ച ജില്ലക്ക്​ മൂന്നു ലക്ഷവും സംസ്ഥാനതലത്തിൽ മികച്ച ശാഖക്ക് രണ്ട് ലക്ഷവും ജില്ലാതലത്തിൽ മികച്ച ശാഖക്ക് 50,000 രൂപയും കാഷ് അവാർഡും നൽകും.

നിഷ്‌ക്രിയ ആസ്തിയിലുള്ള കുറവ്, ബിസിനസ്​ വളർച്ച (നിക്ഷേപം + വായ്പ), നിക്ഷേപത്തിലുള്ള വർധന, സി എ എസ്​ എ നിക്ഷേപത്തിലുള്ള വർധന, സി എ എസ്​എ നിക്ഷേപത്തിന്‍റെ എണ്ണത്തിലുള്ള വർധന, വായ്പാ വർധന, ഗോൾഡ് ലോണിലുള്ള വർധന, ബാങ്കിന്‍റെ ഇമേജ് പൊതുജനങ്ങളിൽ വർധിപ്പിക്കുന്ന എന്തെങ്കിലും ഇടപെടലുകൾ / വികസന പ്രവർത്തനങ്ങൾ (ജില്ലാ തലത്തിൽ) എന്നിവയാണ് അവാർഡിന് പരിഗണിക്കുക.