അട്ടപ്പാടി:
ആദിവാസി ഊരുകളിലെ ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരത്തിന് പണം നൽകുന്ന ‘ജജനി ജന്മരക്ഷ’ പദ്ധതി മുടങ്ങിയിട്ട് എട്ട് മാസം. എട്ട് മാസമായി തുക ലഭിക്കുന്നില്ലെന്ന് ആദിവാസി ഊരുകളിലെ അമ്മമാർ പറഞ്ഞു. തുക നൽകാത്തതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് ലഭിക്കുന്ന മറുപടിയെന്നും യുവതികൾ പറഞ്ഞു.
ഐടിഡിപി പ്രൊജക്ട് ഓഫിസറും വീഴ്ച സമ്മതിച്ചു. പദ്ധതിക്കുള്ള പണം ലഭ്യമാക്കാൻ നടപടി തുടങ്ങിയെന്ന് ഐടിഡിപി പ്രൊജക്ട് ഓഫിസർ സുരേഷ് വ്യക്തമാക്കി. അട്ടപ്പാടിയിൽ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികളാണ് മരിച്ചത്.
വീട്ടിയൂർ ഊരിലെ ആദിവാസി ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞും അഗളി പഞ്ചായത്തിലെ ദമ്പതികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞും കടുകുമണ്ണ ഊരിലെ ആറ് വയസ്സുകാരിയുമാണ് മരിച്ചത്. നാല് ദിവസത്തിനിടെ ഇത് അഞ്ചാമത്തെ ശിശുമരണമാണ്.
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചാണ് വീട്ടിയൂർ ഊരിലെ ഗീതു,സനേഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത്. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞും ഒടുവിൽ കടുകുമണ്ണ ഊരിലെ ആറുവയസ്സുകാരിയും മരിച്ചു. കഴിഞ്ഞ ദിവസം തൂവ ഊരിലെ വള്ളി രാജേന്ദ്രന്റ ഒന്നരമാസം പ്രായമായ കുഞ്ഞും കുറവൻ കണ്ടി തുളസിയുടെയും ബാലകൃഷ്ണന്റെയും കുഞ്ഞും മരിച്ചിരിച്ചിരുന്നു.
നവജാത ശിശുമരണം ആവർത്തിക്കുമ്പോഴാണ് അട്ടപ്പാടിയിലെ ഗർഭിണികളും മുലയൂട്ടുന്നവരുമായ ആദിവാസികൾക്കായുള്ള പദ്ധതി മുടങ്ങിയത്. പോഷകാഹാരം വാങ്ങുന്നതിനായി പ്രതിമാസം രണ്ടായിരം രൂപയാണ് നൽകിയിരുന്നത്. മൂന്നുമാസമായി തുക നൽകുന്നില്ലെന്ന് ഐടിഡിപി പ്രൊജക്ട് ഓഫിസർ പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസികളാശ്രയിക്കുന്ന ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ശിശുമരണത്തിന് ഇടയാക്കിയ സംഭവങ്ങളെപ്പറ്റി അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടർ ടി വി അനുപമയ്ക്ക് നിർദേശം നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം 10 നവജാഥ ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്.