Wed. Nov 6th, 2024
പോത്തൻകോട്:

വില്ല പദ്ധതിക്കായി മതിലിനോട് ചേർന്ന സ്ഥലത്ത് മണ്ണിട്ടുയർത്തി. ഇതോടെ മഴപെയ്താൽ സമീപ പുരയിടത്തിലും വീടിനുള്ളിലും മലിനജലം ഒഴുകിയെത്തുന്നതായി പരാതി. മംഗലപുരം മുരുക്കുംപുഴ മുളമൂട് എംവി ഹൗസിൽ വിമലകുമാരി പരിഹാരം തേടി മംഗലപുരം പഞ്ചായത്തിലും വില്ലേജിലും പൊലീസിലും പരാതി നൽകി. വില്ല പദ്ധതിക്കു വേണ്ടി ഏക്കറുകണക്കിനു സ്ഥലം വാങ്ങിയവരാണ് പിന്നീട് മണ്ണിട്ടുയർത്തിയത്.

ഇവിടെ കുറച്ചു ഭാഗം കോൺക്രീറ്റ് മതിലും അതോടൊപ്പം ഷീറ്റും കൊണ്ട് മറച്ചിട്ടുണ്ട്. കനത്ത മഴയിൽ മതിലിനു മുകളിലൂടെയും വെള്ളം പായുകയാണ്. ശക്തമായ ഒഴുക്കിൽ സമീപത്തുള്ള ബന്ധുവിന്റെ പുരയിടത്തിന്റെ മതിലും തകർത്താണ് വെള്ളം പാഞ്ഞത്. പുരയിടത്തിലൂടെ ഒഴുകിയെത്തുന്ന ചെളിവെള്ളം അടുത്തൊരു മതിലും തകർത്തിട്ടുണ്ട്. വീടിനുള്ളിലും വെള്ളം കയറി.

കിണറ്റിലും ചെളിവെള്ളമായിട്ടുണ്ട്. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വില്ല നിർമിക്കുന്നവരെ സമീപിച്ചപ്പോൾ ഭീഷണിയാണ് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു. മൂന്നു വർഷം മുൻപ് ഉണ്ടായിരുന്ന മതിൽ ശക്തമായ മഴയിൽ ഇടിഞ്ഞു വീണിരുന്നു.

തലനാരിഴയ്ക്കാണ് മൂന്നു വയസ്സു പ്രായമുള്ള കുഞ്ഞ് അന്നു രക്ഷപ്പെട്ടതെന്നും വീട്ടുകാർ പറയുന്നു. പിന്നീടാണ് വില്ലക്കാർ കോൺക്രീറ്റ് മതിൽ പണിതത്. എന്നിട്ടും പരിഹാരമായില്ല.

മഴവെള്ള സംഭരണി ഇല്ലാത്തതിനാലും മണ്ണിട്ടു സ്ഥലം ഉയർത്തിയതിനാലുമാണ് വെള്ളം കവിഞ്ഞു പായുന്നത്. പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി സ്ഥലം പരിശോധിച്ചതായും വില്ല പദ്ധതിക്കാരുമായി സംസാരിച്ച് വെള്ളം റോഡിലെ ഓടയിലേക്കെത്തിക്കാൻ ഉടൻ നടപടി ഉണ്ടാകുമെന്നും മംഗലപുരം പ‍ഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അറിയിച്ചു.