മാനന്തവാടി:
ജലസംരക്ഷണത്തിനായി കേരളത്തിലെ പുഴകളിൽ നിർമിക്കുന്ന തടയണകൾ അനാവശ്യവും പുഴകളുടെ നാശത്തിന് വഴിവെക്കുന്നതുമാണെന്ന് മഗ്സാസെ അവാർഡ് ജേതാവും വിഖ്യാത ജലസംരക്ഷകനുമായ ഡോ രാജേന്ദ്ര സിങ് അഭിപ്രായപ്പെട്ടു. കബനീ നദിയിൽ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ അടുത്തറിയുന്നതിനും പൊതുജനങ്ങളുമായി സംവദിക്കുന്നതിനുമായി വയനാട്ടിലെത്തിയ അദ്ദേഹം മാനന്തവാടിയിലെ പ്രളയബാധിത പ്രദേശങ്ങളും തടയണകളും സന്ദർശിച്ചു. ഉയർന്ന മഴ ലഭിക്കുന്ന കേരളംപോലുള്ള പ്രദേശങ്ങളിൽ പുഴകളിലെ ചെക്ക് ഡാം അശാസ്ത്രീയമാണ്.
ഇവിടെ തടയണകൾ പലതും തീർത്തും അപകടകരമായ സ്ഥലങ്ങളിലാണ് നിർമിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പലയിടങ്ങളിലും ചെക്ക് ഡാമുകൾ കബനീനദി വഴിമാറി ഒഴുകുന്നതിനും പ്രളയത്തിൻറെ ആഘാതം വർദ്ധിപ്പിക്കുന്നതിനുമാണ് കാരണമാകുന്നത്. ഗുജറാത്ത്, രാജസ്ഥാൻ പോലുള്ള മഴ ഏറ്റവും കുറഞ്ഞ വറ്റിപ്പോകുന്ന നീർച്ചാലുകളുള്ള പ്രദേശങ്ങളിലാണ് ചെക്ക് ഡാമുകൾ ആവശ്യമായി വരുന്നത്.
കേരളത്തിൽ ഇത്തരം ചെക്ക് ഡാമുകൾ പ്രകൃതിക്ക് ദോഷം ചെയ്യുന്നവയാണ്. കാലാവസ്ഥ ദുരന്തങ്ങൾ അടിക്കടിയുണ്ടാവുന്ന കേരളത്തിൽ ചരിഞ്ഞ പ്രദേശങ്ങളിൽ നിര്‍മിക്കുന്ന ഇത്തരം ചെക്ക് ഡാമുകൾ കൂടുതൽ ദുരന്തങ്ങൾക്ക് വഴിയൊരുക്കും. ഉയർന്നതോതിലുള്ള അഴിമതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായാണ് ഇവിടെ പുഴകളിലും തോടുകളിലും തടയണകൾ നിർമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വേനലിൽ വറ്റിപ്പോകുന്ന നീർച്ചാലുകളുള്ള വരണ്ട പ്രദേശങ്ങളിലാണ് തടയണകൾ നിർമിക്കേണ്ടത്. ഇതിലൂടെ വെള്ളം മണ്ണിനടിയിൽ സംഭരിച്ചുവെക്കുന്നതിന് കഴിയും. കൂടാതെ, ബാഷ്പീകരണത്തിലൂടെ ഉണ്ടാവുന്ന ജലനഷ്ടം കുറക്കാനും ഇത് സഹായിക്കും.
എന്നാൽ, വേനലിലും വെള്ളം ഒഴുകുന്ന നദികളിൽ ചെക്ക് ഡാമുകൾ നിര്‍മിക്കുമ്പോള്‍ വെള്ളം ബാഷ്പീകരിക്കുന്നതിെൻറ തോത് വർദ്ധിക്കും. തീരങ്ങളിൽ പാറകളില്ലാത്തതും മണ്‍തിട്ടകള്‍ കൊണ്ട് രൂപപ്പെട്ടതും ആയ പുഴകളിൽ കോൺക്രീറ്റ് കൊണ്ടുള്ള സ്ഥിരം ചെക്ക് ഡാമുകൾ അനുയോജ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ വറ്റിവരണ്ട 12 നദികളുടെ പുനരുജ്ജീവനം സാധ്യമാക്കുന്നതിന് താൻ നടത്തിയ ജലസംരക്ഷണ പ്രവർത്തനങ്ങൾ സഹായകരമായിട്ടുണ്ടെന്ന് ഡോ രാജേന്ദ്ര സിങ് പറഞ്ഞു.