അഹ്മദാബാദ്:
ഗുജറാത്തിലെ കച്ച് തീരത്ത് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച് അപകടം. കൂട്ടിയിടിയെ തുടർന്ന് അറബിക്കടലിൽ എണ്ണചോർച്ചയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പി ആർ ഒ അറിയിച്ചു.
എംവീസ് ഏവിയേറ്റർ, അറ്റ്ലാന്റിക് ഗ്രേസ് എന്നീ ചരക്കുകപ്പലുകളാണ് കൂട്ടിയിടിച്ചത്. കപ്പൽ ജീവനക്കാർക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര ആവശ്യങ്ങൾക്കായി പ്രദേശത്ത് കോസ്റ്റ് ഗാർഡിന്‍റെ കപ്പലുകൾ സജ്ജീകരിച്ചു.
സംഭവ സ്ഥലത്ത് മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കി. ഇന്ത്യയുടെ എണ്ണവ്യാപാരത്തിനുള്ള ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ് കച്ച്. തിരക്കുള്ള ജലപാതയായ ഇവിടെ മുൻകാലങ്ങളിലും അപകടങ്ങൾ സംഭവിച്ചിരുന്നു.