Thu. Jan 23rd, 2025
ഏനാത്ത്:

ഗതഗത നിയമങ്ങൾ കാറ്റിൽപറത്തി വാഹനങ്ങൾ പായുന്ന എംസി റോഡിൽ ദിശാസൂചിക ഒരുക്കിയ ഇടങ്ങളിലും പ്രധാന കവലകളിലും റോഡു മുറിച്ചു കടക്കാൻ പ്രയാസം നേരിടുന്നു. വാഹനങ്ങൾ വേഗം കുറയ്ക്കേണ്ട സ്ഥാനങ്ങളിലും നിയമ ലംഘനം നടത്തി പായുന്നതു കാരണം അപകടങ്ങളും പതിവാകുന്നു. ഉപറോഡുകൾ ചേരുന്ന ഭാഗത്തും പൊലീസിന്റെ സേവനം ഇല്ലാത്ത ഇടങ്ങളിലും സൂചകം ഒരുക്കിയിട്ടുണ്ടെങ്കിലും അമിത വേഗത്തിൽ വരുന്ന വാഹനത്തിനു മുന്നിലൂടെ ഓടി മറുഭാഗത്ത് എത്തുകയാണ് കാൽനട യാത്രക്കാർ.

റോഡു മുറിച്ചു കടക്കേണ്ട വാഹനങ്ങളും കാൽനട യാത്രക്കാരും ശ്രദ്ധയിൽപെട്ടാൽ വാഹനത്തിന്റെ വേഗം കുറച്ച് വഴിയൊരുക്കി നൽകാറില്ല. ഇപ്പോൾ വാഹനത്തിരക്ക് കൂടുതലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങിയതോടെ കവലകളിൽ വിദ്യാർത്ഥികൾ അടക്കം റോഡു മുറിച്ചു കടക്കാൻ പ്രയാസം നേരിടുന്നു.

ഗതാഗതം നിയന്ത്രിക്കുന്ന പൊലീസിന്റെ കൈ ഉയർന്നില്ലെങ്കിൽ റോഡു മുറിച്ചുകടക്കാൻ ഏറെനേരം കാത്തുനിൽക്കേണ്ടി വരും. ഏനാത്ത്, പുതുശേരിഭാഗം, വടക്കടത്തുകാവ് തുടങ്ങിയ കവലകളിൽ സ്കൂൾ സമയത്ത് പൊലീസിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ മറ്റു സമയത്ത് റോഡു മുറിച്ചു കടക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.

ഏനാത്ത് ജംക്‌ഷനിൽ എംസി റോഡിൽ നിന്ന് മണ്ണടി റോഡിലേക്കു പ്രവേശിക്കുന്ന കുത്തിറക്കമുള്ള ഉപറോഡ് അപകടക്കെണിയാണ്. ഇതിന് എതിർവശത്താണ് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം. ഉപ റോഡിൽ നിന്ന് എംസി റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ കയറ്റം കയറി നിരപ്പായ എംസി റോഡ് മധ്യത്തിലാണ് വന്നുനിൽക്കുന്നത്.