Thu. Jan 23rd, 2025

തൂക്കുപാലം:

ജീവിതം ഏതു നിമിഷവും തകരാവുന്ന ഷെഡിനുള്ളിൽ മഴക്കെടുതികളെ ഭയന്ന് അറുപതുകാരൻ. ഉപജീവന മാർഗം നിത്യവഴുതനക്കൃഷി. വട്ടുപാറ ലക്ഷംവീട് കോളനിയിൽ ബ്ലോക്ക് നമ്പർ 345ൽ സാബു (60) ആണു ദുരിതജീവിതം നയിക്കുന്നത്.

പച്ചക്കട്ട ഉപയോഗിച്ച് നിർമിച്ച മുറിയും പടുത മറച്ച അടുക്കളയും ശുചിമുറിയും മാത്രമാണുള്ളത്. അവിവാഹിതനായ സാബു മുൻ വർഷങ്ങളിൽ ഒന്നിലധികം തവണ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചു. എന്നാൽ തുടർ നടപടികളൊന്നും ഉണ്ടായില്ല. 

വലിയ മഴ പെയ്യുമ്പോൾ സാബുവിനു പേടിയാണ്. 20 സെന്റ് സ്ഥലമുണ്ട്. പലതരം രോഗങ്ങളുമായി ജീവിതം തള്ളിനീക്കുന്നത് തൊഴിലുറപ്പു ജോലിയിലെ വരുമാനം ഉപയോഗിച്ചാണ്.

കൊവിഡ് കാലത്ത് തൊഴിലുറപ്പു ജോലിയിൽ നിന്നുള്ള വരുമാനവും നിലച്ചു. ഇതോടെയാണ് നിത്യവഴുതനക്കൃഷി തുടങ്ങിയത്. 40 രൂപ വിലയിൽ 100 കിലോ ഇതുവരെ വിൽപന നടത്തി. ഇങ്ങനെയാണ് ഇതു വരെ മുന്നോട്ടു പോയത്.

ഈ വരുമാനം ഉപയോഗിച്ച് ദൈനംദിന ചെലവുകൾ കഴിയും. എന്നാൽ മുന്നോട്ട് എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് സാബു.  അടുത്ത കൃഷി നടത്താനുള്ള നിത്യവഴുതനയുടെ വിത്ത് തയാറാക്കുകയാണു സാബു. വീട് അനുവദിച്ച് നൽകാൻ ഇടപെടണമെന്നാണു സാബുവിന്റെ ആവശ്യം.