Mon. Nov 18th, 2024
കോപൻഹേഗൻ:

സ്വീഡൻ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിതയായി മഗ്‌ദലെന ആൻഡേഴ്‌സൻ (54). രാജ്യത്ത്‌ സാർവത്രിക വോട്ടവകാശം നടപ്പാക്കിയതിന്റെ നൂറാം വാർഷികത്തിലാണ്‌ ആദ്യ വനിതാ പ്രധാനമന്ത്രിയെന്നതും ശ്രദ്ധേയം. ഇവരെ പ്രധാനമന്ത്രിയാക്കാനും മുൻ പ്രധാനമന്ത്രി സ്‌റ്റെഫൻ ലോവന്റെ പിൻഗാമിയായി പാർടി മേധാവിയാക്കാനും സോഷ്യൽ ഡെമോക്രാറ്റിക്‌ പാർടി ഈ വർഷമാദ്യം തീരുമാനിച്ചിരുന്നു.

പാർലമെന്റിൽ ബുധനാഴ്‌ച നടന്ന വോട്ടെടുപ്പിൽ ഇവർക്ക്‌ വിജയിക്കാനായില്ല. 349 അംഗ പാർലമെന്റിൽ 117 പേർ അനുകൂലിച്ചും 174 പേർ എതിർത്തും വോട്ടുചെയ്തു. 57 പേർ വിട്ടുനിന്നു. സ്വീഡൻ ഭരണഘടന പ്രകാരം അംഗങ്ങളിൽ പാതിയുടെ (175) എതിർപ്പില്ലെങ്കിൽ പ്രധാനമന്ത്രി പദത്തിലേക്കുള്ള നാമനിർദേശം അംഗീകരിക്കപ്പെടും.