Thu. Dec 19th, 2024

കാൺപൂർ ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 29 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 82 റൺസാണ് ഇന്ത്യ നേടിയിട്ടുള്ളത്. അർധ സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നത്. 15 റൺസുമായി ചേതേശ്വർ പുജാരയാണ് ഗില്ലിനൊപ്പം ക്രീസിലുള്ളത്.

13 റൺസെടുത്ത മായങ്ക് അഗർവാളാണ് പുറത്തായ ഏക ബാറ്റ്‌സ്മാൻ. ജാമിസണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബ്ലൻഡൽ പിടിച്ചാണ് മായങ്ക് പുറത്തായത്. 81 പന്തിൽ നിന്നാണ് ശുഭ്മാൻ ഗിൽ അർധസെഞ്ച്വറി അടിച്ചെടുത്തത്.

അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. ഗില്ലിന്റെ നാലാമെത്തെ ടെസ്റ്റ് അർധശതകമാണിത്. കാൺപൂരിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ അജിൻക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ശ്രേയസ് അയ്യരെ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ടീമിൽ രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നീ മൂന്നു സ്പിന്നർമാർ ഇടംപിടിച്ചു. സീമർ മുഹമ്മദ് സിറാജിന് ടീമിൽ ഇടം ലഭിച്ചില്ല. ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും പേസ് ഡിപ്പാർട്മെന്റിൽ ഉൾപ്പെട്ടു. ഉമേഷിന്റെ അമ്പതാം ടെസ്റ്റാണിത്.

ചില സീനിയർ കളിക്കാർ ടീമിലില്ലാത്തതു കൊണ്ടു തന്നെ മികവു തെളിയിക്കാൻ യുവതാരങ്ങൾക്ക് ലഭിക്കുന്ന മികച്ച അവസരമാണിതെന്ന് ക്യാപറ്റൻ രഹാനെ പറഞ്ഞു. പുതിയ കോച്ചിങ് സ്റ്റാഫിനു കീഴിൽ കളിക്കുന്നതിന്റെ ത്രില്ലിലാണ് ടീം. വ്യക്തിപരമായ രാഹുൽ ഭായിക്കു കീഴിൽ കളിക്കുന്നത് ആസ്വദിക്കുന്നു. ന്യൂസിലാൻഡ് മികച്ച ടീമാണ്- ടോസിനിടെ നായകൻ വ്യക്തമാക്കി.