ഡൽഹി:
ലോകമൊട്ടുക്കുള്ള രാജ്യങ്ങളിലും അത് മുതലാളിത്താധിഷ്ഠിതമെന്നോ സോഷ്യലിസ്റ്റ് എന്നോ വ്യത്യാസമില്ലാതെ തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ട് (പി എഫ്) നിലവിലുണ്ട്. കഷ്ടത അനുഭവിക്കുന്ന തൊഴിലാളികളുടെ ഒരു അത്താണിയായ പി എഫിെൻറ പലിശ കുറക്കുന്നതിനും ഫണ്ട് സ്വകാര്യ മേഖലയിൽ നിക്ഷേപിക്കുന്നതിനും നേരത്തേതന്നെ നീക്കം നടന്നിട്ടുള്ളതാണ്. തൊഴിലാളി യൂനിയനുകളുടെ സംഘടിതമായ എതിർപ്പുമൂലം ഫണ്ട് ഇതുവരെ സർക്കാർ മേഖലയിൽത്തന്നെയാണ് നിക്ഷേപിച്ചുപോരുന്നത്.
മികച്ച ആദായം കണ്ടെത്തുന്നതിന് എന്ന അവകാശവാദത്തോടെ സ്വകാര്യ മേഖലയിലെ ബോണ്ടുകളിലും ഓഹരികളിലും നിക്ഷേപം നടത്താൻ എംപ്ലോയീസ്പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (ഇ പി എഫ് ഒ) തീരുമാനിച്ചിരിക്കുകയാണിപ്പോൾ.
ഇൻഫ്രാസ്ട്രെക്ച്ചർ ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റുകൾ ഉൾപ്പെടെയുള്ള ഫണ്ടുകളിൽ വാർഷിക നിക്ഷേപത്തിൻ്റെ അഞ്ചു ശതമാനം വരെ നിക്ഷേപിക്കാനാണ് ഇ പി എഫ് ഒക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച സർക്കാർ നിർദേശത്തിന് കഴിഞ്ഞ ദിവസം ചേർന്ന ഇ പി എഫ് ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിൽ (സി ബി ടി) അംഗീകാരമായി. ഫിനാൻസ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഓഡിറ്റ് കമ്മിറ്റിയുടെ അംഗീകാരംകൂടി ലഭിച്ചാൽ തീരുമാനം നടപ്പാകും.