തളിപ്പറമ്പ്:
പട്ടുവത്തെ പുഴകളിലും വയലുകളിലും ആഫ്രിക്കൻ പായലുകൾ നിറഞ്ഞത് കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാവുന്നു. പുഴകളിലൂടെ ഒഴുകിയെത്തിയ ഇവ അടുത്തുള്ള വയലുകളിലേക്കും തോടുകളിലേക്കും വ്യാപിച്ചതോടെയാണ് കർഷകർക്കും ദുരിതമായത്. പുഴ മുഴുവൻ ഇവ നിറയുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തന്നെ ദുരിതത്തിലാകുന്ന സ്ഥിതിയാണ്.
മൂന്നു ഭാഗവും പുഴയാൽ ചുറ്റപ്പെട്ട പട്ടുവത്തെ പ്രദേശവാസികളുടെ പ്രധാന ഉപജീവന മാർഗങ്ങൾ മത്സ്യബന്ധനവും കൃഷിയുമാണ്. കനത്ത മഴയും ഉപ്പുവെള്ളം കയറിയതും കാരണം ദുരിതമനുഭവിച്ച കർഷകരെ വീണ്ടും ദുരിതത്തിലാക്കുകയാണ് ഒഴുകിയെത്തിയ ആഫ്രിക്കൻ പായൽ. മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികളും പായൽ കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ചെറുവള്ളങ്ങളിൽ മത്സ്യം പിടിക്കുന്നവർക്കാണ് പായൽ കാരണം ഏറെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വലയിൽ പായൽ കുടുങ്ങുന്നതും ഇതു കാരണം വല മുറിഞ്ഞു പോകുന്നതും ഇരട്ടി ദുരിതമായി മാറുകയാണ്. പുഴയിൽ നിറഞ്ഞിരിക്കുന്ന പായൽ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനുള്ള നടപടികൾ അധികൃതരിൽ നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.