Mon. Dec 23rd, 2024
ശാസ്താംകോട്ട:

മഴയൊന്നു പെയ്താൽ പരന്നൊഴുകുന്ന പള്ളിക്കലാർ ജനങ്ങളെ വലയ്ക്കുന്നു. മേജർ ഇറിഗേഷന്റെ സംരക്ഷണ പദ്ധതികളെല്ലാം വെള്ളത്തിലായതോടെ ശൂരനാട്ടെ താഴ്ന്ന പ്രദേശങ്ങളെല്ലാം മുങ്ങുന്നതു പതിവായി. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് പഞ്ചായത്തുകളിലായി 5 ക്യാംപുകൾ തുറന്നാണു മുന്നൂറോളം കുടുംബങ്ങളെ ഇത്തവണ മാറ്റിപ്പാർപ്പിച്ചത്.

കൊല്ലം– തേനി ദേശീയപാതയും മറ്റു പ്രധാനറോഡുകളും മുങ്ങിയതോടെ ജനജീവിതം ദിവസങ്ങളോളം സ്തംഭിച്ചു. കുന്നത്തൂർ താലൂക്കിന്റെ നെല്ലറയായ ശൂരനാട്ടെ ഏലാകളിലെ ഹെക്ടർ കണക്കിനു പാടങ്ങളിൽ ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശവും ഉണ്ടായി. ക്രമരഹിതമായി നീളുന്ന പള്ളിക്കലാറിൽ മഴയത്തു കുത്തിയൊഴുകുന്ന വെള്ളത്തെ നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഒന്നുമില്ല.

തദ്ദേശ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും ചേർന്നു നടപ്പാക്കിയ പള്ളിക്കലാർ സംരക്ഷണ യജ്ഞവും എങ്ങുമെത്തിയില്ല. പാടങ്ങളും ആറും മുട്ടിയൊഴുകുന്ന സ്ഥലങ്ങളിൽ സംരക്ഷണഭിത്തികൾ ഉറപ്പാക്കി വെള്ളപ്പൊക്കത്തെ നിയന്തിക്കുമെന്ന പ്രഖ്യാപനങ്ങളും പാഴായി. കാലഹരണപ്പെട്ട പാതിരിക്കൽ അണക്കെട്ടിനു പകരം റഗുലേറ്റർ കം ബ്രിജ് നിർമിക്കുമെന്ന വാഗ്ദാനവും   ഒഴുകിപ്പോയി.

ആറ്റിലേക്കു കാടുകൾ വളർന്നിറങ്ങി ശ്വാസംമുട്ടിയാണു മിക്കയിടത്തും പുഴ ഒഴുകുന്നത്. ഇതോടെ വശങ്ങളിലേക്കു വെള്ളം പരന്നൊഴുകി വീടുകളെല്ലാം മുങ്ങും. വലിയ മണൽത്തിട്ടകൾ രൂപപ്പെടുന്നതും ഒഴുക്കിനു തടസ്സമായി.

മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സംരക്ഷണഭിത്തി നിർമാണത്തിലും ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ട്. പാറ അടുക്കിയ സ്ഥലങ്ങളിൽ ഇവ പൊളിഞ്ഞു വീണതു വിവാദമായിരുന്നു. ശാസ്ത്രീയമായ രീതിയിൽ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.