ഖർത്തും:
സൈനിക കൗൺസിലുമായി കരാറുണ്ടാക്കിയതിൽ പ്രതിഷേധിച്ച് സുഡാനിൽ 12 മന്ത്രിമാർ പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയ അബ്ദുല്ല ഹംദുക്കിന് രാജിക്കത്ത് നൽകി. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഒരുമാസത്തോളമായി നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് ഞായറാഴ്ചയാണ് ഹംദുക്കിനെ പ്രധാനമന്ത്രി സ്ഥാനത്ത് സൈന്യം പുനസ്ഥാപിച്ചത്.
സൈനിക മേധാവി ജന അബ്ദുൽ ഫത്താഹ് അൽ ബുർഹാനുമായാണ് കരാർ ഒപ്പിട്ടത്. കാരറിനെ അന്താരാഷ്ട്ര സമൂഹ സ്വാഗതം ചെയ്തെങ്കിലും, സൈനിക അട്ടിമറിക്ക് നിയമസാധുത നൽകാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ് സുഡാനിലെ ജനാധിപത്യാനുകൂലികൾ ഇതിനെ തള്ളിക്കളഞ്ഞിരുന്നു. ഭാവിയിലെ സുഡാനി സർക്കാറിൽ സൈന്യം പങ്കാളികളാകരുതെന്നും അവർ ആവശ്യപ്പെട്ടു.
ഒക്ടോബർ 25നാണ് ഇടക്കാല സർക്കാറിനെ അട്ടിമറിച്ച് അൽ ബുർഹാൻ അധികാരം പിടിച്ചെടുത്തത്. ഇടക്കാല സർക്കാറിലെ മന്ത്രിമാരാണ് രാജിവെച്ചത്. സൈനിക നടപടി രാജ്യത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കുകയും 41 പേർ മരിക്കുകയും ചെയ്തിരുന്നു.